രണ്ട് ദിവസത്തെ ഐ.പി.എൽ മേഗാ ലേലം അവാസനിച്ചപ്പോൾ കുറച്ച് ടീമുകളുടെ ആരാധകർക്ക് വളരെ ആവേശകരവും സന്തോഷകരവുമായ ടീമുകളെ ലഭിച്ചപ്പോൾ ചിലർക്ക് ഒട്ടും സംതൃപ്തി ലഭിച്ചില്ല. ഒരുവിധം എല്ലാ ടീമുകളും പേപ്പറിൽ നല്ലൊരു സ്കോഡിനെ തന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പരിധിവരെ സാധിച്ചിട്ടുമുണ്ട്. എന്നാൽ ഒട്ടും കൺവിൻസിങ് അല്ലാതെ സന്തുലിത അവസ്ഥ ഇല്ലാത്ത ടീമെന്ന് തോന്നിയത് രാജസ്ഥാൻ റോയൽസാണ്.
ക്രിക്കറ്റ് സർക്കിളുകളിലുള്ള ചർച്ചകളിലെല്ലാം റോയൽസിന്‍റെ ആരാധകർ ടീമിനെതിരെ ഒരുപാട് വിമർശനം ഉന്നയിക്കുന്നുണ്ട്. ലേലം വിളിക്കാനെത്തിയ കോച്ച് രാഹുൽ ദ്രാവിഡിനെതിരെയും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സഞ്ജു സാംസൺ, റിയാൻ പരാഗ്, യശ്വസ്വി ജയ്സ്വാൾ, ദ്രുവ് ജുറൽ, സന്ദീപ് ശർമ, ഷിമ്രോൺ ഹെറ്റ് മെയർ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയിരുന്നു. ജോസ് ബട്ട്ലർ, യുസ്വേന്ദ്ര ചഹൽ, ആർ. അശ്വിൻ, ട്രെന്‍റ് ബോൾട്ട് എന്നീ പ്രധാന താരങ്ങളെ നിലനിർത്താത്തതാ നേരത്തെ തന്നെ ആരാധകരുടെ ഇടയിലും ക്രിക്കറ്റ് ഫാൻസിനിടയിലും ചർച്ചയായിരുന്നു.
ലേലത്തിൽ ബട്ലെറെയും ബോൾട്ടിനെയും റോയൽസ് തിരിച്ചെത്തിക്കുമെന്നാണ് കരുതിയത് എന്നാൽ എല്ലാവരെയും ഞെട്ടിച്ച് ഇരുവരെയും രാജസ്ഥാൻ അനായാസം വിട്ടുകളഞ്ഞു. ടോപ് ഓർഡറിൽ ഇന്ത്യൻ ബാറ്റർമാരെ മാത്രം ആശ്രയിച്ചാണ് റോയൽസ് ഇറങ്ങുന്നത്. വെറും ആറ് വിദേശ സ്ലോട്ടുകളാണ് രാജസ്ഥാൻ ഫിൽ ചെയ്തത്. രാജസ്ഥാന്‍റെ ഏറ്റവും വലിയ ഡീൽ ജോഫ്ര ആർച്ചറിന് വേണ്ടിയുള്ളതായിരുന്നു. 12.5 കോടിക്കാണ് ആർച്ചറെ റോയൽസ് സ്വന്തമാക്കിയത്. പരിക്ക് എപ്പോഴും വേട്ടയാടുന്ന ആർച്ചറിനേക്കാൾ എന്തുകൊണ്ടും ഭേദമായിരുന്നു ബോൾട്ട് എന്നാൽ വിലയിരുത്തലുകൾ.
രാജസ്ഥാന്‍റെ ഏറ്റവും മികച്ച ഡീലായി കണക്കാക്കുന്നത് നീതീഷ് റാണയാണ്. ഇടം കയ്യൻ ബാറ്ററും പാർട്ട് ടൈം ബൗളറുമായ റാണയെ 4.40 കോടിക്ക് ടീമിലെത്തിക്കാൻ റോയൽസിന് സാധിച്ചു. പ്ലെയിങ് ഇലവിനടുമ്പോൾ ഒരു പിഞ്ച് ഹിറ്റർ, ഒരു ഫിനിഷർ, ഒരു വിദേശ ടോപ് ഓഡർ ബാറ്റർ ആർച്ചറിന് ബാക്കപ്പായി മികച്ച പേസ് ബൗളിങ് നിര എന്നിവയിലെല്ലാം റോയൽസ് ടീമിൽ വമ്പൻ വിടവുകളുണ്ട്. വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ കൊണ്ടുവന്ന് സ്പിൻ ഡിപാർട്ട്മെന്‍റിനെ പേപ്പറിൽ സ്ട്രോങ്ങാക്കാൻ റോയൽസിന് സാധിക്കുന്നുണ്ട്. എന്നാൽ പോലും ഐ.പി.എല്ലിൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഈ രണ്ട് ലങ്കൻ സ്പിന്നർമാർക്കും ഇതുവരെ സാധിച്ചിട്ടില്ല. അശ്വിൻ, ചഹൽ എന്നീ ഇന്ത്യൻ സ്പിന്നർമാരെ ഒഴിവാക്കിയാണ് ദ്രാവിഡിന്‍റെയും സംഘത്തിന്‍റെയും പരീക്ഷണങ്ങൾ.
ടീമിലെ പ്രോപ്പർ ബാറ്റർമാർക്ക് ബാക്കപ്പ് ഇല്ലാത്തതിന്‍റെ അഭാവം രാജസ്ഥാൻ മറികടക്കേണ്ടത് വമ്പൻ പണിയായിരിക്കും. ജയ്സ്വാളൊഴികെ സ്ഥിരത പുലർത്തി ബാറ്റ് ചെയ്യുന്നവർ വളരെ കുറവാണ് രാജസ്ഥാൻ സംഘത്തിൽ. നിതീഷ് റാണ പുതിയ ടീമിൽ എങ്ങനെ പെർഫോം ചെയ്യുമെന്ന് കണ്ടറിയണം. സഞ്ജു സാംസണ് തന്‍റെ സ്ഥിരം ശൈലിയായ ആദ്യ പന്ത് മുതൽ അറ്റാക്ക് ചെയ്യുക എന്ന തന്ത്രം മാറ്റേണ്ടി വരുമോ എന്നുള്ളത് റോയൽസിന്‍റെ ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷം അറിയുവാൻ സാധിക്കും. എന്തായാലും അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിലെ ഉത്തരവാദിത്തം ഇരട്ടിയാകുമെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്നുണ്ട്.
പുതിയ താരോദയങ്ങളെ വളർത്തിയെടുക്കാൻ റോയൽസ് ശ്രമിക്കും എന്ന് ഈ ലേലത്തിലും വ്യക്തമാക്കുന്നുണ്ട്. വൈഭവ് സൂര്യവംശി എന്ന 13 കാരനെ ടീമിലെത്തിച്ചതും മറ്റ് യുവതാരങ്ങളെ ടീമിലെത്തിച്ചതും അതിന്‍റെ ഉദാഹരണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.