ദുബൈ: നിർണായകമായ േപ്ല ഓഫ് മത്സരത്തിൽ രവീന്ദ്ര ജദേജക്കും ഡ്വെയ്ൻ ബ്രാവോക്കും മുന്നേ സാത്വിക ഭാവത്തിൽ മഹേന്ദ്ര സിങ് ധോണി ക്രീസിലേക്ക് നടന്നടുത്തപ്പോൾ എല്ലാവരുമൊന്ന് ഞെട്ടി. പത്തുവർഷങ്ങൾക്ക് മുന്നേ വാംഖഡെയിൽ ലോകകപ്പ് ഫൈനലിൽ ക്രീസിലേക്ക് സ്ഥാനക്കയറ്റം വാങ്ങിയെത്തിയ ധോണിയെ എല്ലാവർക്കും വിശ്വാസമായിരുന്നെങ്കിലും 40കാരനായ ധോണിയിൽ കടുത്ത ചെന്നൈ ആരാധകർക്ക് പോലും ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു.
11 പന്തിൽ 24 റൺസ് മാത്രം വേണമെന്നിരിക്കേ ക്രീസിൽ 'സെറ്റാകാൻ' ഏറെ സമയമെടുക്കുന്ന ധോണി എത്തിയത് അതിരുകടന്ന ആത്മവിശ്വാസമാകുമെന്നാണ് എല്ലാവരും കരുതിയത്. ആവേശ് ഖാൻ എറിഞ്ഞ ആദ്യ പന്ത് ഡോട്ട് ബാളാക്കിയാണ് ധോണി തുടങ്ങിയത്. നേരിട്ട രണ്ടാം പന്ത് ഡീപ് മിഡ്വിക്കറ്റിലൂടെ താഴ്ത്തി ഗാലറിയിൽ ലാൻഡ് ചെയ്യിച്ചു..സിക്സ്.. ധോണിയിൽ എല്ലാവരും പഴയ കരുത്തനെ കണ്ട നിമിഷങ്ങൾ. നേരിട്ട മൂന്നാം പന്ത് വീണ്ടും ഡോട്ട് ബാൾ.
ആറുപന്തിൽ ചെെന്നെക്ക് വിജയിക്കാൻ വേണ്ടത് 13 റൺസ്. സൂപ്പർ സ്റ്റാർ ബൗളർ കാഗിസോ റബാദക്ക് നൽകാതെ മത്സരത്തിൽ ഉജ്ജ്വല പ്രകടനം നടത്തിയ ടോം കറനെ ഡൽഹി നായകൻ ഋഷഭ് പന്ത് പന്തേൽപ്പിച്ചു. ആദ്യപന്തിൽ തന്നെ മുഈൻ അലി പുറത്ത്. ക്യാച്ചിനിടെ ഓടിയെത്തിയതിനാൽ സ്ട്രൈക് ധോണിക്ക്. ഓഫ് സ്റ്റംപിന് വെളിയിലേക്ക് വന്ന രണ്ടാം പന്ത് ബാക്ഫൂട്ടിൽ നിന്ന് ധോണി ബൗണ്ടറിയിലേക്ക് അടിച്ചകറ്റി. മൂന്നാംപന്ത് ധോണിയുടെ ബാറ്റിലുരസി ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബൗണ്ടറിയിലേക്ക്. സമ്മർദ്ദത്തിലായ ടോം കറൻ അടുത്തതായി എറഞ്ഞത് ഉഗ്രൻ വൈഡ്. നേരിട്ട മൂന്നാം പന്ത് അനായാസം ലെഗ് സൈഡിലേക്ക് അടിച്ചകറ്റി ധോണി സ്വതസിദ്ധമായ ശൈലിയിൽ ഗാലറിയിലേക്ക് തിരിച്ചുനടന്നു. രണ്ട് പന്ത് ശേഷിക്കേ ചെന്നെക്ക് ഉഗ്രൻ വിജയം.
കഴിഞ്ഞ 14 മത്സരങ്ങളിൽ നിന്നും 96 റൺസ് മാത്രം നേടിയ ധോണി 15ാം മത്സരത്തിൽ നേടിയ വിലപ്പെട്ട 18 റൺസോടെ വീണ്ടും താരപ്രഭയിലേക്ക്. വീണ്ടുമൊരു ഐ.പി.എൽ കിരീടം കൂടി ഏറ്റുവാങ്ങി ഐ.പി.എല്ലിൽ നിന്നും വിടപറയാനുള്ള ധോണിയുടെ ആഗ്രഹത്തിന് ഒരു വിജയത്തിന്‍റെ അകലം മാത്രം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.