100 ശതമാനം തയാർ...; ട്വന്‍റി20 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്

മുംബൈ: ഐ.പി.എൽ നടപ്പു സീസണിൽ തകർപ്പൻ ഫോമിലാണ് വെറ്ററൻ താരം ദിനേശ് കാർത്തിക്. ഐ.പി.എല്ലിന്റെ ഈ സീസണോടെ കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു ആരാധകരുടെ സ്വന്തം ഡി.കെ. എന്നാൽ, കരിയറിന്റെ അവസാനത്തിലെ മിന്നും പ്രകടനം കണ്ട് ക്രിക്കറ്റ് ലോകം അദ്ഭുതപ്പെട്ടിരിക്കുകയാണ്.

അന്താരാഷ്ട്ര കരിയർ ഏറക്കുറെ അവസാനിപ്പിച്ച മട്ടിലായിരുന്ന 39ാം വയസ്സിലേക്ക് കടക്കുന്ന ഡി.കെ. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ കമന്റേറ്ററായിരുന്നു. പിന്നീട് മുംബൈയിൽ ഡി.വൈ. പാട്ടീൽ ട്വന്റി20 കപ്പിൽ മികച്ച പ്രകടനം നടത്തിയാണ് ആർ.സി.ബിക്കായി പാഡണിയാനെത്തിയത്. 2022ൽ ആസ്ട്രേലിയ വേദിയായ ട്വന്‍റി20 ലോകകപ്പിൽ താരം കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി താരം അവസാനമായി കളിച്ചതും ഈ ടൂർണമെന്‍റിലാണ്. പിന്നീട് ഫീൽഡിന് പുറത്ത് കമന്‍റേറ്റർ റോളിലായിരുന്നു.

ഐ.പി.എല്ലിലെ മിന്നുംപ്രകടനം കണ്ട് ഡി.കെയെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയുമായി ആരാധകർ രംഗത്തുവന്നിരുന്നു. സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ റൺവേട്ടക്കാരിൽ വിരാട് കോഹ്ലിക്കും (361) നായകൻ ഫാഫ് ഡുപ്ലെസിക്കും (232) പിന്നിൽ മൂന്നാമതാണ് കാർത്തിക് (226). 200നു മുകളിലാണ് സ്ട്രൈക്ക് റേറ്റ്. ഇപ്പോഴിതാ താരം തന്നെ ജൂണിൽ യു.എസിലും വെസ്റ്റീൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ്. ഇന്ത്യക്കായി കളിക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് താരം വ്യക്തമാക്കി.

‘ജീവിതത്തിലെ ഈ ഘട്ടത്തിൽ, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എനിക്ക് ഏറെ വൈകാരികമായ ഒന്നാണ്. വളരെയേറെ താൽപര്യമുണ്ട്. ഈ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനേക്കാൾ വലുതായി ജീവിതത്തിൽ മറ്റൊന്നുമില്ല’ -കാർത്തിക് പറഞ്ഞു. കാർത്തികും ഫോമിലേക്കുയർന്നതോടെ വിക്കറ്റ് കീപ്പർമാരായി ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി. ഇന്ത്യൻ ടീമിലേക്ക് കടുത്ത മത്സരം നടക്കുന്നതും വിക്കറ്റ് കീപ്പർ പോസ്റ്റിലേക്കാണ്.

അപകടത്തിൽ പരിക്കേറ്റ് നീണ്ട ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെ കളത്തിൽ മടങ്ങിയെത്തി ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർമാരായി പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നായകൻ രോഹിത് ശർമയും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും സെലക്ഷൻ ചെയർമാൻ അജിത് അഗാർക്കറും എടുക്കുന്ന ഏതു തീരുമാനത്തെയും ബഹുമാനിക്കും. പക്ഷേ, ഒരു കാര്യം പറയാം, താൻ 100 ശതമാനം തയാറാണ്. ലോകകപ്പിൽ തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Dinesh Karthik 'Very Keen' To Play For Team India In T20 World Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.