നാലാം ടെസ്റ്റിൽ ഇന്ത്യൻ ഇന്നിങ്സിനെ ഉയരെ നിർത്തി വിരാട് കോഹ്‍ലി കുറിച്ച 186 റൺസായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയത്. മൂന്നു വർഷം നീണ്ട ഇടവേളക്കു ശേഷമായിരുന്നു ടെസ്റ്റിൽ താരത്തിന്റെ സെഞ്ച്വറി നേട്ടം. അതും ഇരട്ട ശതകത്തിന് 14 റൺസ് മാത്രം അകലെ. മാസ്മരിക പ്രകടനത്തിനു പിന്നാലെ പത്നി അനുഷ്‍ക ശർമ സമൂഹ മാധ്യമത്തിലിട്ട പോസ്റ്റ് പക്ഷേ, സംഭവങ്ങൾക്ക് അപ്രതീക്ഷിത ട്വിസ്റ്റാണ് നൽകിയത്: ‘‘രോഗപീഡയിലും ഇത്ര സമചിത്തതയോടെ കളിക്കാനാവുക. എപ്പോഴും എന്നെ നിങ്ങൾ പ്രചോദിപ്പിക്കുന്നു’’- എന്നായിരുന്നു പോസ്റ്റ്.
ഇതോടെ, കോഹ്‍ലിക്ക് എന്താകും അസുഖമെന്നായി സമൂഹ മാധ്യമങ്ങളിലെ ചോദ്യം.
മത്സര ശേഷം വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരും ഇതേ കുറിച്ച് ചോദ്യമുയർത്തി. എന്നാൽ, എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിക്കുന്നതായിരുന്നു ക്യാപ്റ്റന്റെ മറുപടി: ‘‘സമൂഹ മാധ്യമങ്ങളിൽ കാണുന്നതൊക്കെയും വെറുതെ വിശ്വസിക്കരുത്. വിരാട് രോഗിയാണെന്നും ചിന്തിക്കരുത്, ഇത്തിരി ചുമയുണ്ടായിരുന്നെന്നു മാത്രം’’.
മത്സരത്തിനിടെ കോഹ്‍ലിയുടെ പ്രകടനത്തെ കുറിച്ച് അക്സർ പട്ടേലിനുമുണ്ട് ചിലത് പറയാൻ: ‘‘രോഗത്തെ കുറിച്ച് എനിക്കറിയില്ല. ഓട്ടം കണ്ടിട്ട് അദ്ദേഹത്തിന് രോഗമുള്ളതായി തോന്നിയില്ല. ഈ ചൂടിലും അത്രക്ക് നന്നായാണ് താരം ഓടിയത്. വിരാടിനൊപ്പം നിൽക്കാൻ കഴിഞ്ഞത് നന്നായി’’.
നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും 2-1ന് മുന്നിലായിരുന്ന ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കളി അവസാനിക്കുംമുമ്പ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുകയും ചെയ്തു. ഇന്ത്യക്കിത് തുടർച്ചയായ രണ്ടാം ടെസ്റ്റ് ഫൈനലാണ്. 2021ലെ ആദ്യ ചാമ്പ്യൻഷിപ്പിൽ ന്യുസിലൻഡിനോട് ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.