സേലം: കന്നിയങ്കത്തിനിറങ്ങിയ രോഹൻ കുന്നുമ്മലും ക്യാപ്റ്റൻ ഹനുമ വിഹാരിയും കുറിച്ച തകർപ്പൻ ശതകങ്ങളുടെ മികവിൽ ഉത്തരമേഖലക്കെതിരെ ആദ്യദിനം കരുത്തുകാട്ടി ദക്ഷിണ മേഖല. രഞ്ജി ട്രോഫി കഴിഞ്ഞ സീസണിൽ മൂന്നു കിടിലൻ സെഞ്ച്വറികളുമായി ദക്ഷിണമേഖല ടീമിൽ ടിക്കറ്റുറപ്പിച്ച രോഹൻ ആദ്യ മത്സരത്തിൽതന്നെ 143 റൺസ് അടിച്ചാണ് കളി മുന്നിൽനിന്ന് നയിച്ചത്. സ്കോർ ദക്ഷിണ മേഖല: രണ്ടു വിക്കറ്റ് നഷ്ടത്തിൽ 324.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീമിനായി ഓപണർമാരായ രോഹനും മായങ്ക് അഗർവാളും ചേർന്ന് കരുതലോടെയാണ് തുടങ്ങിയത്. 59 പന്ത് നേരിട്ട് അർധസെഞ്ച്വറിക്ക് ഒരു റൺ അകലെ സിന്ധുവിന്റെ പന്തിൽ ബൗൾഡായി മായങ്ക് മടങ്ങിയെങ്കിലും എതിർടീമിനെ തലങ്ങും വിലങ്ങും പായിച്ച് രോഹൻ സ്കോർ അതിവേഗം മുന്നോട്ടു നയിച്ചു. പേസിനെതിരെ കരുതലെടുക്കുകയും സ്പിന്നർമാർക്ക് പിഴക്കുമ്പോൾ ആഞ്ഞടിക്കുകയും ചെയ്യുന്നതായിരുന്നു മലയാളി താരത്തിന്റെ രീതി. വൺഡൗണായി ഹനുമ വിഹാരി കൂട്ടിനെത്തിയതോടെ റണ്ണൊഴുക്കിന് വേഗം കൂടി.
വ്യക്തിഗത സ്കോർ 77ൽ നിൽക്കെ നിശാന്ത് സിന്ധുവിന്റെ പന്തിൽ ക്യാച്ച് കൈവിട്ടത് രോഹന് അനുഗ്രഹമായി. 172ാം പന്തിൽ കൂറ്റൻ സിക്സർ പറത്തി സെഞ്ച്വറി തൊട്ടു. ദുലീപ് ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് രോഹൻ. മുമ്പ് 2002-03 സീസണിൽ 95 റൺസ് നേടിയ ശ്രീകുമാറാണ് കൂടുതൽ റൺസ് നേടിയ താരം. ഒരുവശത്ത് കൂസലില്ലാതെ രോഹൻ ആഞ്ഞടിച്ചപ്പോൾ മറുവശത്ത് ക്യാപ്റ്റനും അതേ വേഗത്തിൽ റൺ വാരിക്കൂട്ടിയത് ദക്ഷിണമേഖല ബാറ്റിങ്ങിനെ ഇരട്ട എൻജിനിലാക്കി. സ്കോർ 269ൽ നിൽക്കെ സെയ്നിയുടെ പന്തിൽ ബൗൾഡായി രോഹൻ മടങ്ങി. 225 പന്തിൽ 16 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു രോഹന്റെ ഇന്നിങ്സ്.
സെഞ്ച്വറി പിന്നിട്ട ഹനുമ വിഹാരി 107 റൺസും നാലാമൻ ബാബ ഇന്ദ്രജിത്ത് 20 റൺസും നേടി ക്രീസിലുണ്ട്. രണ്ടാമത്തെ കളിയിൽ ആദ്യം ബാറ്റുചെയ്ത പശ്ചിമമേഖല മധ്യ മേഖലക്കെതിരെ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്തു. നാലുപേർ രണ്ടക്കം കാണാതെ മടങ്ങിയ കളിയിൽ പ്രിഥ്വി ഷാ (60), രാഹുൽ ത്രിപാഠി (64) എന്നിവർ മാത്രമാണ് മാന്യമായ റൺസ് നേടിയത്. അഞ്ചു വിക്കറ്റെടുത്ത് കുമാർ കാർത്തികേയ മധ്യമേഖലക്കായി തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.