ട്രാവിസ് ഹെഡിന്‍റെ ബാറ്റിങ്

23 പന്തിൽ 59; ബോളർമാരെ പഞ്ഞിക്കിട്ട് ട്രാവിസ് ഹെഡ്; ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് തകർപ്പൻ ജയം

സതാംപ്ടൺ: സ്കോട്ട്ലൻഡിനു പിന്നാലെ ഇംഗ്ലണ്ടിനെതിരെയും തകർപ്പൻ ഫോമിൽ കത്തിക്കയറിയ ട്രാവിസ് ഹെഡിന്‍റെ കരുത്തിൽ ആസ്ട്രേലിയക്ക് ഒന്നാം ട്വന്‍റി20യിൽ 28 റൺസിന്‍റെ ജയം. കേവലം 19 പന്തിൽ അർധ സെഞ്ചറി കണ്ടെത്തിയ ഹെഡ്, 23 പന്തിൽ 59 റൺസ് നേടിയാണ് കളിയിലെ താരമായത്. ഓൾ റൗണ്ട് പ്രകടനവുമായി ലയാം ലിവിങ്സ്റ്റൺ തിളങ്ങിയെങ്കിലും, ഓസീസ് ഉയർത്തിയ 180 റൺസ് പിന്തുടർന്ന ഇംഗ്ലിഷ് നിരയുടെ ഇന്നിങ്സ് 151ൽ അവസാനിച്ചു. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ആസ്ട്രേലിയ 1-0ന് മുന്നിലെത്തി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകളെ തച്ചുടച്ചാണ് ഓസീസ് ബാറ്റർമാർ തുടക്കം മുതൽ മുന്നേറിയത്. ആദ്യ വിക്കറ്റിൽ മാറ്റ് ഷോർട്ടും ഹെഡും ചേർന്ന് പവർപ്ലേയിൽ 86 റൺസാണ് കൂട്ടിച്ചേർത്തത്. അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കി ലയാം ലിവിങ്സ്റ്റനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിനിടെ സാം കറൻ എറിഞ്ഞ ഒരു ഓവറിൽ മൂന്ന് വീതം സിക്സും ഫോറും സഹിതം 30 റൺസാണ് ഹെഡ് അടിച്ചെടുത്തത്.

പിന്നാലെയെത്തിയ ക്യാപ്റ്റൻ മിച്ചൽ മാർഷ് (2) നിരാശപ്പെടുത്തിയെങ്കിലും ജോഷ് ഇംഗ്ലിസ് (27 പന്തിൽ 37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മാർകസ് സ്റ്റോയിനിസ് (10), കാമറൂൺ ഗ്രീൻ (13)എന്നിവരാണ് ഓസീസ് നിരയിൽ രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. 19.3 ഓവറിൽ 179ന് അവർ പുറത്തായി. ഇംഗ്ലണ്ടിനായി ലിവിങ്സ്റ്റൺ മൂന്ന് വിക്കറ്റ് പിഴുതപ്പോൾ ജോഫ്ര ആർച്ചറും സാഖിബ് മഹ്മൂദും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്കോർ ബോർഡിൽ 13 റൺസ് ചേർക്കുന്നതിനിടെ ഓപണർ വിൽ ജാക്സിനെ (6) നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ മത്സരത്തിന്‍റെ നിയന്ത്രണം ഓസീസ് ബോളർമാർ ഏറ്റെടുത്തു. 27 പന്തിൽ 37 റൺസെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്കോറർ. ഫിൽ സാൾട്ട് (20), ജോർഡൻ കോക്സ് (17), സാം കറൻ (18), ജേമി ഓവർടൻ (15), സാഖിബ് മഹ്മൂദ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. 19.2 ഓവറിൽ 151ന് ഇംഗ്ലണ്ട് പുറത്തായി. ഓസീസിനായി സീൻ ആബട്ട് മൂന്ന് വിക്കറ്റ് പിഴുതു.

Tags:    
News Summary - ENG v AUS, 1st T20I: Travis Head, bowlers fire Australia to big win, 1-0 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.