ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയപ്രതീക്ഷയിൽ ഇന്ത്യ. 271 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് രണ്ടാം ഇന്നിങ്സിൽ 99 റൺസ് നേടുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു. അവസാന ദിനം 18 ഓവർ ബാക്കിയുണ്ട്. ഇതിനിടയിൽ മൂന്ന് വിക്കറ്റ് കൂടി പിഴുതെടുത്താൽ കോഹ്ലിപ്പടക്ക് വിജയം കൈപ്പിടിയിലൊതുക്കാം.
സ്കോർ ബോർഡിൽ ഒരു റൺസ് എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ഓവറിൽ റോറി ബേൺസിനെ ബുംറ പുറത്താക്കിയപ്പോൾ അടുത്ത ഓവറിൽ ഡോം സിബ്ളിയെ ഷമിയും മടക്കിയയച്ചു.
പിന്നട് ഹസീബ് ഹമീദും ക്യാപ്റ്റൻ ജോ റൂട്ടും ചേർന്ന് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല. 45 പന്തിൽ ഒമ്പത് റൺസെടുത്ത ഹസീബിനെ ഇഷാന്ത് ശർമ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെ ജോണി ബെയ്സ്റ്റോയെയും (രണ്ട്) ഇശാന്ത് കൂടാരം കയറ്റി.
33 റൺസെടുത്ത റൂട്ടിനെ ബുംറ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലായി. മൊഈൻ അലി (13), സാം കറൻ (0) എന്നിവരെ സിറാജ് അടുത്തടുത്ത പന്തുകളിലായി പുറത്താക്കി. ഒമ്പത് റൺസുമായി ജോസ് ബട്ട്ലറും 3 റൺസുമായി ഒലി റോബിൻസണുമാണ് ക്രീസിൽ.
നേരത്തെ ഇംഗ്ലണ്ടിനെ 391 റൺസിന് ഒതുക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഒരു ഘട്ടത്തിൽ 200 റൺസ് ലീഡ് പോലും നേടില്ലെന്ന് കരുതിയിരുന്നു. എന്നാൽ, വാലറ്റക്കാരുടെ കരുത്തിൽ അഞ്ചാം ദിനം 298 റൺസ് സ്കോർ ബോർഡിൽ ചേർത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്.
മത്സരത്തിൽ 271 റൺസ് ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. അജിൻക്യ രഹാനെ (146 പന്തിൽ അഞ്ച് ഫോറുകളടക്കം 61 റൺസ്) ഒഴികെ മുൻ നിര ബാറ്റ്സ്മാൻമാർക്കാർക്കും തിളങ്ങാനാവാത്ത മത്സരത്തിൽ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ച്വറി (56) കുറിച്ചുകൊണ്ട് വാലറ്റക്കാരൻ മുഹമ്മദ് ഷമിയാണ് ചെറുത്തുനിൽപ്പ് നടത്തിയത്. 36 റൺസുമായി ജസ്പ്രീത ബുമ്രയും ഉറച്ച പിന്തുണ നൽകി.
ആതിഥേയർക്ക് വേണ്ടി മാർക് വുഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മെയീൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സാം കറന് ഒരു വിക്കറ്റുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.