ഐ.പി.എല്ലിലെ നാടകീയ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയതിൽ മലയാളി താരമായ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡോൾ. ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ മത്സരത്തിൽ നാലു വിക്കറ്റിനാണ് ഹൈദരാബാദിന്‍റെ ജയം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ അവസാന പന്ത് അബ്ദുൽ സമദ് സിക്സ് പറത്തിയാണ് സൺറൈസഴ്സിന് വിജയം സമ്മാനിച്ചത്. അവസാന നാലു ഓവറുകളിൽ 57 റൺസായിരുന്നു ഹൈദരാബാദിന്‍റെ വിജയലക്ഷ്യം. ആർ. അശ്വിനു പകരം പന്തെറിയാനെത്തിയ ഇംപാക്ട് പ്ലെയർ വെസ്റ്റിൻഡീസിന്‍റെ ഒബെദ് മക്കോയ് തന്‍റെ ആദ്യ ഓവറിൽ 16 റൺസാണ് വിട്ടുകൊടുത്തത്.
മക്കോയിയുടെ ആ ഓവറിൽ സഞ്ജു രാഹുൽ ത്രിപാഠിയയുടെ നിർണായക ക്യാച്ചും നഷ്ടപ്പെടുത്തി. എന്നാൽ, പിന്നീട് മക്കോയ്ക്ക് അവസരം നൽകിയില്ല. കുൽദീപ് യാദവിന്‍റെ 19ാം ഓവറിൽ 24 റൺസ് വഴങ്ങി. സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിൽ ഹൈദരാബാദിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 17 റൺസാണ്. നിർണായകമായ അവസാന പന്തിൽ സന്ദീപ് നോബോൾ വഴങ്ങിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.
ഫ്രീ ഹിറ്റിൽ നേടിയ സിക്സറോടെ സമദ് ടീമിന് വിജയവും സമ്മാനിച്ചു. അതേസമയം, അവസാന ഓവറുകളിൽ മക്കോയിയെ സഞ്ജു ശരിയായി ഉപയോഗിക്കാത്തതാണ് തോൽവിക്കു കാരണമെന്ന് സൈമൺ ഡോൾ പറയുന്നു. ഇത് വലിയ പിശകാണെന്നും താരം വ്യക്തമാക്കി.
‘എന്തുകൊണ്ടാണ് അവർ ഒബെദ് മക്കോയിയെ കളിപ്പിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അവസാന ഓവറുകളിൽ ഉപയോഗിക്കാനായിരുന്നോ. അതെ, ശരിയാണ് അവന്‍റെ ആദ്യ ഓവറിൽ 13 റൺസ് വിട്ടു നൽകി. പക്ഷേ, സഞ്ജു ആ ഓവറിൽ രാഹുൽ ത്രിപാഠിയയുടെ ക്യാച്ച് നഷ്ടപ്പെടുത്തി. അതൊരു വിക്കറ്റ് ആകേണ്ടതായിരുന്നു. അവസാന ഓവറുകളിൽ നന്നായി പന്തെറിയാൻ കഴിയുന്ന താരമാണ്. ഇത് ശരിക്കും ഒരു വലിയ തെറ്റാണ്, ഇത് സഞ്ജുവിന്റെ ഒരു പിശകാണ്. തികഞ്ഞ തെറ്റ്’ -ഡോൾ ക്രിക്ബസ്സിനോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.