അഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കുനേരെ ജയ് ശ്രീറാം വിളികളുമായി ഒരുവിഭാഗം കാണികൾ. മത്സരം നടക്കുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ത്യൻ താരങ്ങൾ ബൗണ്ടറി ലൈനിന് പുറത്തുനിൽക്കുമ്പോഴാണ് ഗാലറിയിൽനിന്ന് ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം കാണികൾ സൂര്യ കുമാർ യാദവിനെ വിളിക്കുന്നതും താരം അഭിവാദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. പിന്നാലെയാണ് കാണികൾ മുഹമ്മദ് ഷമിയുടെ പേരെടുത്തുവിളിച്ച് ജയ് ശ്രീറാം മുഴക്കുന്നത്. ഈ സമയത്ത് ഷമിക്കൊപ്പം ചേതേശ്വർ പുജാര, കുൽദീപ് യാദവ്, ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവരുമുണ്ടായിരുന്നു.
കാണികളുടെ ജയ് ശ്രീറാം വിളികൾക്കിടയിൽ ഗ്രൗണ്ടിൽ ഷമി ശാന്തനായി നിൽക്കുന്നതും വിഡിയോയിലുണ്ട്. ടെസ്റ്റ് മത്സരം തുടങ്ങുന്നതിനു മുമ്പായി പ്രധാനമന്ത്രി മോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഗ്രൗണ്ട് വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇരുവരും ഇന്ത്യ-ഓസീസ് നായകന്മാർക്ക് ക്യാപ്പും കൈമാറി.
മത്സരം ബി.ജെ.പി നരേന്ദ്ര മോദിയുടെ പി.ആർ ആഘോഷവേദിയാക്കിയെന്നായിരുന്നു പ്രതിപക്ഷം വിമർശനം. ടെസ്റ്റിന്റെ ആദ്യദിനത്തെ 80,000 ടിക്കറ്റുകൾ ബി.ജെ.പി കൂട്ടത്തോടെ വാങ്ങിവെച്ചതായും ആക്ഷേപമുണ്ട്. നേരത്തെ, 2021ലെ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിനു പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിദ്വേഷ പ്രചാരണം അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.