ദുബൈ: നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ റെക്കോഡ് ബുക്കിൽ തന്‍റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബൗളർ ഹർഷൽ പേട്ടൽ. ഐ.പി.എൽ 2021 എഡിഷനിലെ ആദ്യ ഹാട്രിക്കാണ് താരം സ്വന്തമാക്കിയത്.
ഹർദിക് പാണ്ഡ്യ, കീറൻ പൊള്ളാർഡ്, രാഹുൽ ചഹർ എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ഹർഷലിന്‍റെ ഹാട്രിക് മികവിലാണ് ആർ.സി.ബി 54 റൺസിന്‍റെ മിന്നും ജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ 17ാം ഓവറിലായിരുന്നു പ്രകടനം. ഓവറിലെ ആദ്യ പന്തിൽ ഹർഷലിന്‍റെ കട്ടർ ഉയർത്തിയടിച്ച ഹർദിക് വിരാട് കോഹ്ലിക്ക് ക്യാച് സമ്മാനിച്ച് മടങ്ങി. രണ്ടാമത്തെ കട്ടറിൽ വീണത് കൂറ്റനടിക്കാരൻ പൊള്ളാർഡ്. കണക്കുകൂട്ടൽ പിഴച്ച പൊള്ളാർഡിന്‍റെ ലെഗ് സ്റ്റംപ് ഇളകുകയായിരുന്നു. ചഹർ എൽ.ബി.ഡബ്ല്യു ആയിട്ടാണ് മടങ്ങിയത്. ഹർഷലിന്‍റെ ഹാട്രിക് പ്രകടനത്തോെ മുംബൈ 17ാം ഓവറിൽ എട്ടിന് 106 എന്ന നിലയിലായി.
ഐ.പി.എൽ ചരിത്രത്തിലെ 20ാമത്തെ ഹാട്രിക്കായിരുന്നു ഹർഷൽ സ്വന്തമാക്കിയത്. 2019ൽ ആർ.സി.ബിക്കെതിരെ രാജസ്ഥാൻ റോയൽസിന്‍റെ ശ്രേയസ് ഗോപാലാണ് അവസാനം ഹാട്രിക് സ്വന്തമാക്കിയിരുന്നത്.
ഹാട്രിക് നേടുന്ന മൂന്നാമത്തെ ആർ.സി.ബി ബൗളറാണ് ഹർഷൽ. പ്രവീൺകുമാറും (vs രാജസ്ഥാൻ റോയൽസ് -2010) സാമുവൽ ബദ്രിയുമാണ് (vs മുംബൈ ഇന്ത്യൻസ് -2017) എന്നിവരാണ് മുൻഗാമികൾ. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് ഹർഷൽ മത്സരം അവസാനിപ്പിച്ചത്.
വെറ്ററർ ലെഗ്സ്പിന്നർ അമിത് മിശ്രയുടെ (3) പേരിലാണ് ഏറ്റവും കൂടുതൽ ഹാട്രിക്കുകളുള്ളത്. ലീഗിൽ യുവരാജ് സിങ് രണ്ട് ഹാട്രിക്കുകൾ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.