രഞ്ജി ട്രോഫിയില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കി സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്കട്ട്. ഡല്‍ഹിക്കെതിരെയാണ് ചരിത്രം കുറിച്ചത്. ആദ്യ ഓവറിന്‍റെ അവസാന മൂന്ന് പന്തുകളിലായിരുന്നു ഹാട്രിക് നേട്ടം. ദ്രുവ് ഷോറെ, വൈഭവ് റവാല്‍, യാഷ് ദുല്‍ എന്നിവരാണ് അടുത്തടുത്ത പന്തുകളിൽ വീണത്. പിന്നാലെ ജോണ്ടി സിദ്ദു, ലളിത് യാദവ്, ലക്ഷയ്, കുല്‍ദീപ് യാദവ്, ശിവാങ്ക് വസിഷ്ഠ് എന്നിവരും ഉനദ്കട്ടിന് മുന്നില്‍ വീണു. 12 ഓവറില്‍ 39 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് താരം എറിഞ്ഞുവീഴ്ത്തിയത്. ഉനദ്കട്ട് എറിഞ്ഞ ആദ്യ രണ്ടോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റാണ് വീണത്.
ഉനദ്കട്ടിന്‍റെ മിന്നും പ്രകടനത്തില്‍ തകർന്ന ഡല്‍ഹി 133 റൺസിന് പുറത്തായി. ഡല്‍ഹിയുടെ ആറ് ബാറ്റര്‍മാരാണ് പൂജ്യത്തിന് പുറത്തായത്. 12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി ഉനദ്കട്ട് ശ്രദ്ധ നേടിയിരുന്നു. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ശേഷം ഈയിടെ ബംഗ്ലാദേശിനെതിരെയാണ് ടീമിലേക്ക് വീണ്ടും വിളിയെത്തുന്നത്. മൂന്ന് വിക്കറ്റുമായി താരം തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 97 മത്സരങ്ങളിൽ നിന്ന് 356 വിക്കറ്റുകൾ സ്വന്തമാക്കിയ ഉനദ്കട്ടിന് ഇന്ത്യന്‍ ടീമില്‍ കുറഞ്ഞ അവസരങ്ങളേ ലഭിച്ചിട്ടുള്ളൂ. 12 വര്‍ഷത്തിനിടെ പത്ത് ട്വന്റി 20യിലും ഏഴ് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റുകളിലും മാത്രമാണ് ഉനദ്കട്ടിന് ഇന്ത്യന്‍ ജഴ്സിയണിയാൻ ഭാഗ്യമുണ്ടായത്. ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്ന ഉനദ്കട്ട് ഇത്തവണ ലക്നൗവിനൊപ്പമാണ്. 91 മത്സരങ്ങളില്‍ അത്രയും വിക്കറ്റും ഐ.പി.എല്ലില്‍നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.