കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ സൂപ്പർ ഫാനായി അറിയപ്പെടുന്ന പേഴ്സി അഭയ്ശേഖര എന്ന അങ്കിൾ പേഴ്സി അന്തരിച്ചു. രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 87ാം വയസ്സിലാണ് വിടപറയുന്നത്. 1979ലെ ലോകകപ്പ് മുതൽ ശ്രീലങ്കക്ക് വേണ്ടി ക്രിക്കറ്റ് മൈതാനങ്ങളിൽ കൊടി വീശി ആർത്തുവിളിക്കുന്ന അങ്കിൾ പേഴ്സി ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കുമെല്ലാം സുപരിചിതനായിരുന്നു.
ശ്രീലങ്കൻ ടീം എവിടെ പോകുന്നോ അവിടെയെല്ലാം അദ്ദേഹം രാജ്യത്തിന്റെ നീളൻ പതാകയുമായി എത്തിയിരുന്നു. 1996ലെ ലോകകപ്പിൽ ശ്രീലങ്ക ജേതാക്കളായപ്പോഴാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. അന്ന് രാജ്യത്തിന്റെ പതാകയുമായി ഗ്രൗണ്ട് വലയംവെച്ച അദ്ദേഹം ആരാധകരുടെ മനം കവർന്നു. 2022ൽ രോഗബാധിതനാകുന്നത് വരെ ടീമിനൊപ്പം ലോകസഞ്ചാരം തുടർന്നു. ഇദ്ദേഹത്തിന്റെ ചികിത്സക്കായി കഴിഞ്ഞ സെപ്റ്റംബറിൽ ശ്രീലങ്കൻ ടീം വൻതുക കൈമാറിയിരുന്നു.
2015ൽ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിനിടെ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അങ്കിൾ പേഴ്സിയെ ഡ്രസ്സിങ് റൂമിലേക്ക് ക്ഷണിച്ചതും 2023ലെ ഏഷ്യാ കപ്പ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അങ്കിൾ പേഴ്സിയെ വീട്ടിൽ സന്ദർശിച്ചതുമെല്ലാം ഏറെ ചർച്ചയായിരുന്നു. ശ്രീലങ്കൻ ഇതിഹാസ താരം സനത് ജയസൂര്യ, മുൻ ആൾറൗണ്ടർ റസ്സൽ ആർനോൾഡ്, മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ തുടങ്ങിയവരെല്ലാം അങ്കിൾ പേഴ്സിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.