എഡിൻബർഗ്: ട്വന്‍റി20 ക്രിക്കറ്റിൽ ഏത് ടീമിനും ഏറെ നിർമായകമാണ് പവർപ്ലേ ഓവറുകൾ. ആദ്യ ആറ് ഓവറിൽ ആകെ രണ്ട് ഫീൽഡർമാർ മാത്രമേ 30 വാരക്ക് പുറത്തുണ്ടാവുകയുള്ളൂ. ഉയർത്തിയടിക്കാൻ കെൽപ്പുള്ള ബാറ്റർമാർ ഉണ്ടെങ്കിൽ മികച്ച സ്കോർ കണ്ടെത്താം എന്നതുപോലെ, പിച്ചിന്‍റെ സ്വഭാവം മനസ്സിലാക്കി എറിയുന്ന ബൗളർമാർ ഉണ്ടെങ്കിൽ വിക്കറ്റ് പിഴുതും മത്സരത്തിന്‍റെ തുടക്കത്തിൽതന്നെ ആധിപത്യം നേടാനുള്ള അവസരമാണ് പവർപ്ലേ ഓവറുകൾ നൽകുന്നത്. ഇതിൽ, ബാറ്റർമാരുടടെ സമ്പൂർണ ആധിപത്യത്തിനാണ് കഴിഞ്ഞ ദിവസത്തെ ആസ്ട്രേലിയ - സ്കോട്ട്ലൻഡ് മത്സരം സാക്ഷ്യം വഹിച്ചത്.
155 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്കോർബോർഡിൽ ആദ്യ റൺ ചേർക്കുന്നതിന് മുമ്പ് ഓപണർ ജേക് ഫ്രേസറെ നഷ്ടമായി. എന്നാൽ മറുഭാഗത്തുണ്ടായിരുന്ന ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചൽ മാർഷും തകർത്തടിച്ചതോടെ സ്കോർ കുത്തനെ ഉയരുകയായിരുന്നു. നേരിട്ട മൂന്നാം പന്തിലാണ് ജേക് ഫ്രേസർ മടങ്ങിയത്. അടുത്ത 33 പന്തിൽ ഹെഡും മാർഷും ചേർന്ന് അടിച്ചെടുത്തത് 113 റൺസാണ്! രാജ്യാന്തര ട്വന്‍റി20യിൽ പവർപ്ലേയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
25 പന്തുകൾ നേരിട്ട ഹെഡ് ഇതിൽ 17 എണ്ണവും ബൗണ്ടറി കടത്തി. 12 ഫോറും സിക്സും സഹിതം 80 റൺസാണ് താരം അടിച്ചുകൂട്ടിയത്. കൂടുതൽ അപകടകാരിയായ മിച്ചൽ മാർഷാകട്ടെ, നേരിട്ട 12 പന്തിൽ എട്ടെണ്ണമാണ് ബൗണ്ടറി കടത്തിയത്. അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 39 റൺസാണ് നായകൻ നേടിയത്. ഏഴാം ഓവറിൽ ഇരുവരും പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ് (13 പന്തിൽ 27*), മാർക്കസ് സ്റ്റോയിനിസ് (അഞ്ച് പന്തിൽ എട്ട്*) എന്നിവർ ചേർന്ന് പത്താം ഓവറിൽ ടീമിനെ വിജയതീരമണച്ചു. ഏഴ് വിക്കറ്റിനാണ് ഓസീസിന്‍റെ ജയം.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത സ്കോട്ട്ലൻഡ് ജോർജ് മുൻസെ (16 പന്തിൽ 28), റിച്ചി ബെറിങ്ടന്‍ (20 പന്തിൽ 23), മാത്യു ക്രോസ് (21 പന്തിൽ 27) എന്നിവരുടെ ഭേദപ്പെട്ട പ്രകടത്തിന്‍റെ കരുത്തിലാണ് 150നു മുകളിൽ സ്കോർ കണ്ടെത്തിയത്. ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയ സ്കോട്ടലൻഡ്, നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് നേടിയത്. ഓസീസിനായി സീൻ ആബട്ട് മൂന്ന് വിക്കറ്റ് പിഴുതപ്പോൾ സേവ്യർ ബാർട്ലറ്റ്, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സര പരമ്പയിൽ ഓസീസ് 1-0ന് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.