‘കോഹ്ലിയും രോഹിത്തും ക്രിക്കറ്റിന് ഗുണകരമായ തീരുമാനമെടുക്കും’; വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ഗംഭീർ

സിഡ്നി: നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനമെടുക്കുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. സിഡ്നി ടെസ്റ്റ് തോറ്റ് ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര ഓസീസിനു അടിയറവ് പറഞ്ഞതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനും ഇന്ത്യക്കായില്ല.

സമീപകാലത്തായി മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിത്തും കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗംഭീറിന്‍റെ പരാമർശമെന്നതും ശ്രദ്ധേയം. ‘ആവേശത്തോടെ കളിക്കുന്ന കടുപ്പക്കാരായ താരങ്ങളാണ് കോഹ്ലിയും രോഹിത്തും. അവർ ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും ഗുണകരമായ തീരുമാനം കൈക്കൊള്ളും’ -ഗംഭീർ പറഞ്ഞു.

സിഡ്നിയിൽ രോഹിത് തന്നെ സ്വയം മാറിനിന്ന് മാതൃക കാട്ടി. ഡ്രസിങ് റൂമിൽ സന്തോഷകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് എല്ലാവരോടും സത്യസന്ധമായും ന്യായമായും പെരുമാറേണ്ടത് തന്‍റെ ചുമതലയാണ്. ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളാണെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം എന്നാണ് തന്‍റെ നിലപാടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

‘ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് പറയാൻ ഞാൻ ആളല്ല, അവരാണ് തീരുമാനിക്കേണ്ടത്. അർപ്പണബോധവും ആവേശവും കൈവിടാതെ സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ്. ഇരുവരും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കരുതാം’ -ഗംഭീർ അഭിപ്രായപ്പെട്ടു. ഗംഭീറിനു കീഴിൽ രണ്ടാം ടെസ്റ്റ് പരമ്പര തോൽവിയാണിത്. നാട്ടിൽ ന്യൂസിലൻഡിനെതിരെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിരുന്നു.

മോശം ഫോമിനെ തുടർന്ന് രോഹിത് അഞ്ചാം ടെസ്റ്റിൽനിന്ന് സ്വയം മാറിനിന്നിരുന്നു. പകരം ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. പിന്നാലെ രോഹിത്തിന്‍റെ ടെസ്റ്റ് കരിയറിന് അവസാനമായെന്ന തരത്തിൽ പ്രതികരണങ്ങളുമായി മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി. പരമ്പരയിലുടനീളം ഓസീസ് ബൗളർമാരുടെ ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങിയാണ് കോഹ്ലി പുറത്തായത്. അതിൽ അഞ്ചു തവണയും സ്കോട്ട് ബോളണ്ടിന്‍റെ പന്തിലായിരുന്നു. അഞ്ചു ടെസ്റ്റുകളിൽ 23.72 ശരാശരിയിൽ 190 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ ആറു വിക്കറ്റിന് തോൽപിച്ചാണ് ഓസീസ് പത്തുവർഷത്തിനുശേഷം പരമ്പര തിരിച്ചുപിടിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഓസീസിന്‍റെ എതിരാളികൾ. സിഡ്നിയിൽ 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു.

Tags:    
News Summary - Gautam Gambhir's Blunt Take On Future Of Virat Kohli, Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.