ആസ്ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിനിടെ പാഡുകൾ ധരിക്കാതെ ഗ്ലൗവും കൈയിൽ പിടിച്ച് ബാറ്റിങ്ങിനിറങ്ങി മെൽബൺ സ്റ്റാർസ് ടീമിന്‍റെ പാകിസ്താൻ താരം ഹാരിസ് റൗഫ്. ശനിയാഴ്ച ആൽബെറിയിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ അവസാനത്തെ ബാറ്ററായാണ് ഹാരിസ് പാഡ് ധരിക്കാതെ ഗ്രൗണ്ടിലെത്തിയത്.
കൈയിൽ പിടിച്ചിരുന്ന ഗ്ലൗ പിച്ചിലെത്തിയാണ് താരം ധരിച്ചത്. അവസാന ഓവറിൽ മൂന്നു പന്തിൽ തുടർച്ചയായി ടീമിന്‍റെ വിക്കറ്റുകൾ നഷ്ടമായതോടെ വാലറ്റത്തെ ബാറ്ററായ ഹാരിസിന് ബാറ്റിങ്ങിന് തയാറാകുന്നതിനുള്ള സമയം ലഭിച്ചില്ല. പാഡ് ധരിക്കാതെ ബാറ്റും ഗ്ലൗവും കൈയിലെടുത്ത് താരം ഗ്രൗണ്ടിലേക്ക് ഓടുകയായിരുന്നു. ഒരു പന്ത് മാത്രമാണ് മത്സരത്തിൽ എറിയാൻ ബാക്കിയുണ്ടായിരുന്നത്. എന്നാൽ, നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്നതിനാൽ താരത്തിന് ബാറ്റ് ചെയ്യേണ്ടിവന്നില്ല.
പാഡ് ഇല്ലാതെയാണ് താരം മത്സരം പൂർത്തിയാക്കിയത്. അവസാന പന്തു സഹതാരം ലിയാം ഡ്വസനാണു നേരിട്ടത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ മെൽബൺ സ്റ്റാർസ് അഞ്ചു വിക്കറ്റിന് പരാജയപ്പെട്ടു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത മെൽബൺ 20 ഓവറിൽ 172 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സിഡ്നി ലക്ഷ്യത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.