ലണ്ടൻ: ചർമാർബുദ ബാധിതനെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിങ്സ്. വെയിലത്ത് കളിക്കാനിറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് താൻ മറ്റുള്ളവരിൽ അവബോധം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും 31കാരൻ അറിയിച്ചു.
കഴിഞ്ഞ വർഷം രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയനായി. നെഞ്ചിൽ .066 മില്ലിമീറ്റർ ആഴത്തിലുള്ള മെലാനോമ ബാധിച്ചിരുന്നു. ഇത് നീക്കം ചെയ്തു. മെലാനോമ .077 മില്ലിമീറ്റർ ആവുമ്പോൾ കൂടുതൽ മാരകമാവും. അതിനടുത്തെത്തി. ഭയാനകമായ രോഗത്തോടുള്ള പോരാട്ടം തന്നെ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുന്നതിലേക്കെത്തിച്ചതായി ബില്ലിങ്സ് പറഞ്ഞു.
ഒഴുക്കിനൊപ്പം പോകുന്നതിനു പകരം ശരിയായ രീതിയിൽ കാര്യങ്ങൾ കാണാനും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാനും പ്രേരിപ്പിച്ചു. വർഷങ്ങളായി ശ്രദ്ധിക്കുന്നതാണ്. ചൂടിനെ നേരിടാൻ പാനീയങ്ങൾ കൊണ്ടുപോകുന്നതിൽ മാത്രമാണ് പലപ്പോഴും അത് കലാശിച്ചത്. ക്രിക്കറ്റല്ല എല്ലാം എന്ന് മനസ്സിലാക്കുന്നു. എല്ലാം ഒരിക്കൽ അവസാനിക്കും.
പക്ഷേ, കാര്യങ്ങൾ പ്രത്യേക വീക്ഷണകോണിൽ കാണേണ്ടതുണ്ട്. അടുത്തിടെ ലോർഡ്സിൽ കളിച്ചു. സൂര്യൻ അസ്തമിച്ചിട്ടും താപനില 25 ഡിഗ്രി എങ്കിലും കാണും. സൺക്രീം പുരട്ടുന്നത് ഒരു ജോലി പോലെയാണ് പരിഗണിക്കുന്നത്. കാരണം ആസ്ട്രേലിയയെപ്പോലെ ഇതേക്കുറിച്ചുള്ള അവബോധം നൽകുന്ന രാജ്യങ്ങൾ കുറവാണ്.
ക്രിക്കറ്റിൽ ഒരു പൊതു തീരുമാനം വരണം. സൂര്യൻ അസ്തമിച്ചശേഷം കളിച്ചാൽ ശരീരത്തെ സംരക്ഷിക്കാനാവുമെന്നും ബില്ലിങ്സ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനുവേണ്ടി മൂന്നു ടെസ്റ്റിലും 28 ഏകദിനങ്ങളിലും 37 ട്വന്റി20 മത്സരങ്ങളിലും ഇറങ്ങിയ താരം ഇപ്പോൾ കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാണ്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി കാപിറ്റൽസ് ടീമുകളുടെ ജഴ്സിയണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.