മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെ വാനോളം പുകഴ്ത്തി സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. 2011 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫൈനലിൽ വെസ്റ്റിൻഡീസിന്‍റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെതിരെ ന്യൂ ബാൾ എറിയൻ തന്നെ തെരഞ്ഞെടുത്തതിന് ധോണിയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അശ്വിൻ പ്രതികരിച്ചു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഫൈനലിൽ 58 റൺസിന്‍റെ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് ഐ.പി.എൽ കിരീടം നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ബാംഗ്ലൂരിനായി മായങ്ക് അഗർവാളും ക്രിസ് ഗെയ്‍ലുമാണ് അന്ന് ഓപ്പൺ ചെയ്ത്. ചെന്നൈക്കായി ആദ്യ ഓവർ തന്നെ പന്തെറിയാനെത്തിയത് അന്ന് അത്ര പ്രശസ്തമല്ലാത്ത അശ്വിനും. ഐ.പി.എല്ലിലെ ഒരു വെടിക്കെട്ട് ബാറ്റർ ക്രീസിൽ നിൽക്കുമ്പോൾ, അശ്വിനെ പന്തേൽപ്പിക്കാനുള്ള ചെന്നൈ നായകൻ ധോണിയുടെ തീരുമാനത്തിൽ ആരാധകരും ക്രിക്കറ്റ് ലോകവും അദ്ഭുതം കൂറി. എന്നാൽ, നാലാം പന്തിൽ തന്നെ ഗെയ്‍ലിനെ വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിലെത്തിച്ച് അശ്വിൻ മത്സരത്തിൽ ചെന്നൈക്ക് മേൽക്കൈ നൽകി.
മത്സരം ചെന്നൈക്ക് അനുകൂലമാക്കിയത് ആ വിലപ്പെട്ട ഓവറായിരുന്നു. ബാംഗ്ലൂരിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അശ്വിന്‍റെ കരിയറിലെ വഴിത്തിരിവും ആ ഓവറായിരുന്നു. പിന്നാലെ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും അശ്വിൻ തന്‍റെ സ്പിൻ മാന്ത്രിക ബൗളിങ്ങിലൂടെ നേട്ടങ്ങൾ വെട്ടിപിടിക്കുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ (ടി.എൻ.സി.എ) ആദരം ഏറ്റുവാങ്ങുന്നതിനിടെയാണ് ധോണിയോടുള്ള കടപ്പാട് അശ്വിൻ തുറന്നുപറഞ്ഞത്.
‘2008ൽ ചെന്നൈ ടീമിലെത്തുമ്പോൾ മാത്യു ഹെയ്ഡൻ, എം.എസ്. ധോണി ഉൾപ്പെടെയുള്ള മഹാരഥന്മാരെല്ലാം അവിടെയുണ്ടായിരുന്നു. ആ സീസൺ മുഴുവൻ ഞാൻ ബെഞ്ചിലായിരുന്നു. അന്ന് ഞാൻ ആരുമായിരുന്നില്ല. മുത്തയ്യ മുരളീധരനടക്കം അന്ന് ടീമിലുണ്ടായിരുന്നു’ -അശ്വിൻ പറഞ്ഞു. തന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് നായകൻ ധോണിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം നൽകിയ അവസരത്തിന് എന്നും കടപ്പെട്ടിരിക്കും. ന്യൂ ബാളിൽ ഗെയ്‍ലിനെ പുറത്താക്കാനായതാണ് കരിയറിൽ വഴിത്തിരിവായത്. അനിൽ കുംബ്ലെ പലപ്പോഴും അതിനെ കുറിച്ച് പറയാറുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ അനിൽ കുംബ്ലെക്കു പിന്നിൽ രണ്ടാമതാണ് അശ്വിൻ. 516 വിക്കറ്റുകൾ. ഒന്നാമതുള്ള കുംബ്ലെയുടെ പേരിൽ 619 വിക്കറ്റുകളും. ഒരു കോടി രൂപയാണ് താരത്തിന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ആദരമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.