ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ.സി.സി. ടൂർണമെന്റിൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ രേഖാമൂലം ഐ.സി.സിയെ അറിയിച്ചിരുന്നു. ഇതിനിടെ പ്രതിസന്ധി മറികടക്കാൻ ഐ.സി.സിക്ക് മുന്നിൽ മൂന്ന് വഴികളാണ് ഉള്ളതെന്ന് പറയുകയാണ് മുൻ പി.സി.ബി ചെയർമാൻ നജാം സേതി.
സാമ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് മൂന്ന് ഓപ്ഷനുകളെ കുറിച്ച് അദ്ദേഹം പറയുന്നത്. ഇതിൽ ആദ്യത്തേത് ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് വരികയെന്നതാണ്. നേരത്തെ ഇന്ത്യയുടെ കബഡി ടീമും ബ്ലൈൻഡ് ക്രിക്കറ്റ് ടീമും ഡേവിസ് കപ്പ് ടെന്നീസ് ടീമും പാകിസ്താനിലേക്ക് വരാൻ വിസമ്മതിച്ചിരുന്നു. ക്രിക്കറ്റ് ടീമിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഈയൊരു സാഹചര്യത്തിൽ ഹൈബ്രിഡ് മോഡിലുള്ള ടൂർണമെന്റായിരിക്കും ഇന്ത്യക്ക് താൽപര്യമുണ്ടാവുക. ഇതാണ് ഐ.സി.സിക്ക് മുന്നിലുള്ള രണ്ടാമത്തെ ഓപ്ഷൻ. കഴിഞ്ഞ ഏഷ്യ കപ്പ് ടൂർണമെന്റ് പാകിസ്താനിലും ശ്രീലങ്കയിലുമായി ഇത്തരത്തിൽ ഹൈബ്രിഡ് മോഡിലാണ് നടന്നിരുന്നത്.
ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്താൻ പാകിസ്താന് സമ്മതമല്ലെങ്കിൽ മൂന്നാമത്തെ ഓപ്ഷൻ പരിഗണിക്കണം. ടൂർണമെന്റ് മുഴുവനായി പാകിസ്താന് പുറത്തേക്ക് മാറ്റുക. അങ്ങനെ ചെയ്താൽ പാകിസ്താൻ ചിലപ്പോൾ ടൂർണമെന്റ് ബഹിഷ്‍കരിച്ചേക്കും. ഇത് പാകിസ്താനിൽ രാഷ്ട്രീയപ്രതിസന്ധിക്കും കാരണമാകും.
ഇന്ത്യ പാകിസ്താനിലേക്ക് വരാൻ വിസമ്മതിക്കുകയും ഹൈബ്രിഡ് മോഡലും ടൂർണമെന്റ് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനേയും പാകിസ്താൻ എതിർക്കുകയും ചെയ്യുകയാണെങ്കിൽ ഭാവിയിലുള്ള ഐ.സി.സി ടൂർണമെന്റുകൾ പാകിസ്താന് ബഹിഷ്‍കരിക്കേണ്ടി വരികയും ചെയ്തേക്കാം. തീരുമാനം എടുമ്പോൾ വൈകാരികമായി തീരുമാനമെടുക്കാതെ ബുദ്ധിപരമായി പാകിസ്താൻ തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.