ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ഫൈനൽ!

ബെനോനി (ദക്ഷിണാഫ്രിക്ക): സീനിയർ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു പിന്നാലെ അണ്ടർ 19 ലോകകപ്പിലും ഇന്ത്യ-ആസ്ട്രേലിയ കിരീടപ്പോരാട്ടം. ആവേശം പത്താം വിക്കറ്റിലേക്കും അവസാന ഓവറിലേക്കും നീണ്ട രണ്ടാം സെമിഫൈനലിൽ പാകിസ്താനെ ഒരു വിക്കറ്റിന് തോൽപിച്ചാണ് ഓസീസ് കലാശക്കളിക്ക് യോഗ്യത നേടിയത്.

ആദ്യം ബാറ്റ് ചെയ്ത പാക് കൗമാരസംഘം 48.5 ഓവറിൽ 179 റൺസിന് പുറത്തായി. കങ്കാരു നാട്ടുകാർ 49.1 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 9.5 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത പേസ് ബൗളർ ടോം സ്ട്രാക്കറാണ് പാകിസ്താനെ 179ൽ ഒതുക്കിയത്. ഇന്ത്യ-ഓസീസ് ഫൈനൽ ഞായറാഴ്ച നടക്കും. ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.

പാകിസ്താൻ ഉയർത്തി‍യ 180 റൺസ് ലക്ഷ്യം നേടൽ ഓസീസിന് അത്ര എളുപ്പമല്ലായിരുന്നു. 10 ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പേസർ അലി റാസയാണ് ആസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ഓപണർ ഹാരി ഡിക്സണും (50) ഒലിവർ പീക്കും (49) ഒഴികെ ആർക്കും പിടിച്ചുനിൽക്കാനായില്ല. വിജയം 16 റൺസ് അകലെ നിൽക്കെ എട്ടും ഒമ്പതും വിക്കറ്റുകൾ വീണതോടെ മഞ്ഞപ്പട തോൽവി മുന്നിൽക്കണ്ടു.

അവസാന വിക്കറ്റിൽ ക്രീസിലുണ്ടായിരുന്ന റാഫ് മക്മില്ലനാണ് (19) ബൗണ്ടറിയിലൂടെ ഓസീസിനെ ഫൈനലിലേക്കു നയിച്ചത്. പാക് ബാറ്റർമാരിൽ 52 റൺസ് വീതമെടുത്ത അസാൻ അവൈസും അറഫാത്ത് മിൻഹാസും ടോപ് സ്കോറർമാരായി.

Tags:    
News Summary - ICC U19 World Cup: Australia meet India in Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.