തിരുവനന്തപുരം: കോടിക്കണക്കിന് ഇന്ത്യൻ ആരാധകരുടെ കണ്ണും മനസ്സും നിറച്ച സംഹാരതാണ്ഡവത്തിന് ശേഷം സഞ്ജു സാംസൺ തലസ്ഥാനത്തേക്ക് പറന്നിറങ്ങി. ട്വന്റി20 സ്ക്വാഡിൽ മാത്രമല്ല ഭാവിയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വരെ ഇടം ലഭിക്കുമെന്ന മാനേജ്മെന്റിന്റെ സന്ദേശവുമായാണ് കർണാടകക്കെതിരെ രഞ്ജി ട്രോഫി കളിക്കാൻ സഞ്ജു എത്തുന്നത്. ബംഗ്ലാദേശിനെതിരായ ട്വന്റി20യിലെ ആദ്യവെട്ടിക്കെട്ട് സെഞ്ച്വറിക്ക് ശേഷം ഭാവിയിലെ പ്രതീക്ഷകൾ താരം പങ്കുവെക്കുന്നു
സമ്മർദത്തെ എങ്ങനെയാണ് അതിജീവിച്ചത് ?
⊿ ഇന്ത്യക്കായി കളിക്കുമ്പോൾ എന്നെ സംബന്ധിച്ച് എല്ലാ മത്സരത്തിലും ഒരു സമർദം ഉണ്ട്. ട്വന്റി20യെ സംബന്ധിച്ച് രണ്ട് മൂന്ന് മാച്ചുകൾ വീതമുള്ള ചെറിയ സീരീസുകളാണ്. സിംഗിളുകളേക്കാൾ സിക്സും ഫോറും അടിക്കണം. അതിന് റിസ്ക് എടുക്കണം. ഇന്ത്യയിൽ ടീമിൽ നിൽക്കണമെങ്കിൽ എത്രമാത്രം റിസ്ക് എടുക്കുന്നുവെന്നതിലല്ല കാര്യം, മികച്ച പ്രകടനമുണ്ടോയെന്നതാണ്. ശ്രീലങ്ക സീരീസിൽ നന്നായി കളിച്ചില്ല. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച റൺസ് കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തിൽ നല്ല സമ്മർദമുണ്ടായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും നല്ല തുടക്കമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഞാൻ ഫോമിലാണെന്ന് എനിക്കറിയാം. എവിടെയോ നല്ലൊരു ഇന്നിങ്സ് വരാൻ ചാൻസ് ഉണ്ട്. അത് എപ്പോഴാണെന്നായിരുന്നു ഞാൻ കാത്തിരുന്നത്. ആദ്യത്തെ മൂന്ന് ഓവറുകൾ സമർദത്തോടെയാണ് ബാറ്റ് ചെയ്തത്. പിന്നീടാണ് ഫ്രീയായി കളിച്ചുതുടങ്ങിയത്.
റിഷാദ് ഹുസൈനെതിരെ തുടരെ അഞ്ച് സിക്സറുകൾ, എന്തായിരുന്നു മാനസികാവസ്ഥ?
⊿ പവർ പ്ലേയിൽതന്നെ ബാളിൽ ടച്ച് കിട്ടിത്തുടങ്ങിയതോടെ അടിക്കാനുള്ള ആത്മവിശ്വാസം വർധിച്ചു. റിഷാദ് പന്തെടുത്തപ്പോഴേ എവിടെയെറിഞ്ഞാലും അടിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. റിഷാദ് എറിഞ്ഞ പന്തുകൾ പ്രത്യേക സോണിലേക്കാണ് വന്നത്. കിട്ടിയപ്പോൾ അടിച്ചു. ഒന്നടിച്ചപ്പോൾ വീണ്ടും വീണ്ടും അടിക്കാൻ മനസ്സ് പറഞ്ഞു. കിട്ടിയതെല്ലാം അടിച്ചു. എന്നെങ്കിലും ഒരു ഓവറിൽ അഞ്ചോ ആറോ സിക്സ് അടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധിച്ചു. മുമ്പൊക്കെ രണ്ട് സിക്സ് അടിച്ചശേഷം വീണ്ടും സിക്സിന് ശ്രമിച്ച് ഔട്ടാകുമ്പോൾ അതിന്റെ ആവശ്യമുണ്ടായിരുന്നോയെന്നായിരിക്കും ചോദിക്കുക. പക്ഷേ, ഇപ്പോഴത്തെ ടീം മാനേജ്മെന്റ് പറയുന്നത് ഒരു സിക്സടിച്ചാൽ അടുത്തത് സിംഗ്ൾ എടുക്കണമെന്നല്ല. അടുത്തതും സിക്സിനുള്ള പന്താണേൽ അടിച്ച് പുറത്ത് കളയണമെന്നാണ്.
സൂര്യയെന്ന ക്യാപ്റ്റനെക്കുറിച്ചും നിങ്ങൾ തമ്മിലെ ആത്മബന്ധത്തെക്കുറിച്ചും പറയാമോ?
⊿ ജൂനിയർ ടീം മുതൽ അടുത്തറിയാവുന്നവരാണ് ഞാനും സൂര്യയും. ഭാരത് പെട്രോളിയം കോർപറേഷനിലാണ് ഞങ്ങൾ ജോലിചെയ്യുന്നത്. അവർക്കു വേണ്ടി നിരവധി ടൂർണമെന്റുകൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. സൂര്യയെങ്ങനെ സൂര്യകുമാർ യാദവായി എന്ന് അടുത്തുനിന്ന് നോക്കിക്കണ്ടയാളാണ് ഞാൻ. ആ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ട്. അഞ്ച് സിക്സ് അടിച്ചുകഴിഞ്ഞ് ഞാൻ സ്കോർബോർഡ് നോക്കിയപ്പോൾ 90ലെത്തി. പിന്നീട് മനസ്സിലേക്ക് വന്നത് സിംഗ്ൾ എടുത്ത് 100 തികക്കണോ? അതോ ഫോറും സിക്സും അടിച്ച് സെഞ്ച്വറിയിലേക്ക് എത്തണോ? എന്തായാലും 90 വരെ എത്തിയത് ആക്രമിച്ച് കളിച്ചിട്ടാണ്. അതുപോലെ കളിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. 96ൽ നിൽക്കെ ഒരു ബോൾ അടിക്കാതെ വിട്ടപ്പോൾ നോൺ സ്ട്രൈക്കറിൽനിന്ന് സൂര്യ എന്റെ അടുത്തുവന്ന് ചോദിച്ചു. എന്താ നീ ചിന്തിക്കുന്നത്. ഞാൻ പറഞ്ഞു അടിക്കാനാണ് നോക്കുന്നത്. ആ അടിച്ചോ പക്ഷേ നീ ഒരു സെഞ്ച്വറി അർഹിക്കുന്നുണ്ട്. അത് ഉറപ്പാക്കിയിരിക്കണം. ക്യാപ്റ്റൻ അങ്ങനെ പറഞ്ഞതോടെ മനസ്സ് സാധാരണ നിലയിലായി. ടീമിൽ ഉണ്ടാകുമോ ഇല്ലേ. എങ്ങനെ കളിച്ചാൽ ടീമിൽ ഉണ്ടാകും. ഇത്തരത്തിൽ ഒരു വ്യക്തത ടീമിലെ എല്ലാ അംഗങ്ങൾക്കും സൂര്യ നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ സൗഹാർദപരമാണ്.
ഗൗതം ഗംഭീർ നൽകുന്ന പിന്തുണ?
⊿ നിരവധി പരിശീലകർക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ടെങ്കിലും ഗൗതം ഭായി (ഗൗതം ഗംഭീർ) വേറൊരു ലെവലാണ്. അദ്ദേഹം ടീമിൽ സ്ഥാനമേറ്റതു മുതൽ എന്നോട് പറയാറുണ്ട്: ‘‘സഞ്ജൂ, നീ പേടിക്കേണ്ട. നിനക്ക് എന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. കാരണം, ഒരുപാട് വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന താരമാണ് നീ. നീ എത്രമാത്രം മികച്ച രീതിയിൽ കളിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഒരു സമർദവുമില്ലാതെ ഗ്രൗണ്ടിൽ നിന്നെ എനിക്ക് കാണണം. ഇനി നീ പരാജയപ്പെട്ടാലും ടീമിൽനിന്ന് നിന്നെ ഒഴിവാക്കില്ല.’’ ഇത്തരത്തിൽ ഒരു പരിശീലകനിൽനിന്ന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്. ബംഗ്ലാദേശ് പര്യടനത്തിന് മൂന്നാഴ്ച മുമ്പേ സൂര്യയും ഗൗതം ഭായിയും വിളിച്ചു. സഞ്ജു ബംഗ്ലാദേശിനെതിരെ നീ മൂന്ന് മത്സരവും കളിക്കും. അത് ഓപണിങ്ങിലായിരിക്കും. വേഗം പരിശീലനം തുടങ്ങിക്കോ എന്നാണ് പറഞ്ഞത്.
ദുലീപ് ട്രോഫിയിലെ പ്രകടനം ടെസ്റ്റ് ടീമിലേക്കുള്ള അവസരം തുറക്കുമോ?
⊿ ദുലീപ് ട്രോഫിയിലേക്ക് തെരഞ്ഞെടുത്തപ്പോൾതന്നെ ടീം മാനേജ്മെന്റ് റെഡ് ബാളിലേക്കും നിങ്ങളെ പരിഗണിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് ഈ സീസണിലെ രഞ്ജി ട്രോഫി പ്രാധാന്യത്തോടെ കളിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.
ഇനി മുതൽ ഓപണിങ്ങിൽ കാണുമോ?
⊿ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ. ദുലീപ് ട്രോഫിയിലെ സെഞ്ച്വറി ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഒന്നുമുതൽ ആറാം സ്ഥാനത്തുവരെ കളിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം. ടീമിന്റെയും എന്റെയും ആവശ്യം നോക്കി പുതിയ പരിശീലകനുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അടുത്തത് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി20 സീരീസാണ്. എന്തൊക്കായാണ് മുന്നൊരുക്കങ്ങൾ
⊿ ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ശൈലി മാറിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റിൽപോലും 10 ഓവറിൽ 100 അടിക്കുന്നരീതിയിലേക്ക് കാര്യങ്ങൾ എത്തി. അതുപോലെ താരങ്ങളും മാറേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കൻ സീരീസിന് മുന്നോടിയായി കുറച്ചധികം പണിയെടുക്കേണ്ടതുണ്ട്. രഞ്ജി ട്രോഫിക്ക് ശേഷം ഇതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കും.
മസിലുകാണിച്ചുള്ള ആഘോഷം വീണ്ടും വൈറലാണല്ലോ
⊿ മസിലുകാണിക്കണമെന്നൊന്നും കരുതിയില്ല. സെഞ്ച്വറിക്ക് ശേഷം ഡ്രസിങ് റൂമിലേക്ക് നോക്കിയപ്പോൾ ടീമേറ്റ്സ് മസിലുകാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കാണിച്ചുപോയതാണ്. ജീവിതത്തിൽ പല വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാൻ സാധിക്കുമെന്നതാണ് അത്തരം ആഘോഷത്തിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നത്.
‘വിയർപ്പു തുന്നിട്ട കുപ്പായം’ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്തായിരുന്നു ആ ക്യാപ്ഷന് പിന്നിൽ
⊿ 13ാം വയസ്സു മുതൽ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിക്കുന്ന സഞ്ജുവിനെ എല്ലാവർക്കുമറിയാം. വളരെ കഷ്ടപ്പെട്ട് വിയർപ്പൊഴുക്കിയാണ് ഇതുവരെ എത്തിയത്. മുമ്പൊന്നും ഞാൻ അത്ര സംസാരിക്കാറില്ലായിരുന്നു. പക്ഷേ, ഇന്ന് എന്നെ കേൾക്കാൻ ഒരുപാട് പേരുണ്ട്. ഞാൻ വന്നത് ചുവന്ന പരവതാനിയിലൂടെയല്ലെന്ന് എന്റെ പിന്നാലെ വരുന്ന കേരളത്തിലെ ക്രിക്കറ്റേഴ്സിനെ ബോധ്യപ്പെടുത്തേണ്ട കടമ എനിക്കുണ്ട്. എന്തൊക്കെയാണ് ഇതിനായി ഞാൻ അനുഭവിച്ചത്, ഉപേക്ഷിച്ചത്. അതൊക്കെയാണ് ഈ ക്യാപ്ഷന് പിന്നിൽ.
കേരള ക്രിക്കറ്റ് ലീഗിനെക്കുറിച്ച്
⊿ 80 ശതമാനം മത്സരങ്ങളും ഞാൻ കണ്ടിരുന്നു. രാജ്യത്തിനായി കളിക്കാൻ കഴിയുന്ന പിള്ളേർ കേരളത്തിൽ ഇത്രയും ഉണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. ഇതിൽ മികച്ച പ്രകടനം നടത്തിയ ഏഴുപേരെ കഴിഞ്ഞ മാസം രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിന് കൊണ്ടുപോയിരുന്നു. അവിടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഭാവിയിൽ അവരെ ഐ.പി.എല്ലിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.