ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ പതറാതെ പൊരുതിയിട്ടും അവസാന ലാപ്പിൽ ഇംഗ്ലണ്ട് കിതച്ചുവീണു. ഏകദിന പരമ്പരയിലെ അവസാന മത്സരം ഏഴ് റൺസിന് ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ ടെസ്റ്റിനും ട്വൻറി20ക്കും പിന്നാലെ, ഏകദിനവും അടിയറവുവെച്ച് ഇംഗ്ലീഷുകാർക്ക് നാണംകെട്ട മടക്കം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇക്കുറിയും സ്കോർ മോശമാക്കിയില്ല. മുൻനിരയുടെ വെടിക്കെട്ട് മികവിൽ പടുത്തുയർത്തിയത് 329 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിെൻറ മുൻനിര പതറിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് സാം കറൻ (83 പന്തിൽ 95 നോട്ടൗട്ട്) നടത്തിയ ധീരോദാത്തമായ ചെറുത്തുനിൽപ് പക്ഷേ, ലക്ഷ്യത്തിനരികിൽ അവസാനിച്ചു. ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ശിഖർ ധവാൻ (56 പന്തിൽ 67), ഋഷഭ് പന്ത് (62 പന്തിൽ 78), ഹാർദിക് പാണ്ഡ്യ (44 പന്തിൽ 64) എന്നിവരുടെ വെടിക്കെട്ട് മികവിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. രോഹിത് ശർമ (37), വിരാട് കോഹ്ലി (7), കെ.എൽ. രാഹുൽ (7), ഷർദുൽ ഠാകുർ (30) എന്നിങ്ങനെയായിരുന്നു മറ്റുള്ളവുടെ സംഭാവന.
ആദ്യ വിക്കറ്റിൽ 37 റൺസെടുത്ത രോഹിത് ശർമയും ശിഖർ ധവാനും വിക്കറ്റ് നഷ്ടപ്പെടാതെ സ്കോർ 103 റൺസിലെത്തിച്ചിരുന്നു. എന്നാൽ, തുടർന്ന് ഇരുവരെയും മടക്കി ആദിൽ റഷീദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്ലി മുഈൻ അലിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. അധികം വൈകാതെ ഫോമിലേക്ക് തിരിച്ചെത്തിയ കെ.എൽ രാഹുലും മടങ്ങിയതോടെ ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് സഖ്യം ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു.
അതിവേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ച പാണ്ഡ്യയുടേയും പന്തിന്റെയും ബാറ്റിൽ നിന്നും അഞ്ച് വീതം ബൗണ്ടറികളും നാല് വീതം സിക്സറുകളും പറന്നു. ക്രുനാൽ പാണ്ഡ്യ (25), ഷർദുൽ ഠാക്കൂർ (30) എന്നിവർ കുറിച്ച സ്കോറുകളാണ് ഇന്ത്യയെ 300 കടത്തിയത്. വാലറ്റക്കാരായ ഭുവനേശ്വർ കുമാർ (3), പ്രസിദ് കൃഷ്ണ (0), ടി നടരാജൻ (0) എന്നിവർ അേമ്പ പരാജയമായത് ഇന്ത്യക്ക് വിനയായി. അവസാന ഓവറുകളിൽ അടിച്ചുകളിക്കാനുള്ള ശ്രമത്തിനിടെ വാലറ്റം എളുപ്പം പുറത്തായതോടെ ഇന്ത്യ 48.2 ഓവറിൽ ഓൾഔട്ടായി. ഇംഗ്ലണ്ടിനായി മാർക് വുഡ് മൂന്നും ആദിൽ റഷീദ് രണ്ടുവിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ജാസൺ റോയ് (14), ജോണി ബെയർസ്റ്റോ (1), ബെൻ സ്റ്റോക്സ് (35), ജോസ് ബട്ലർ (15) എന്നിവരെ ഇംഗ്ലണ്ടിന് എളുപ്പം നഷ്ടമായതോടെ വൻ മാർജിനിലെ ജയമാണ് ഇന്ത്യ പ്രതീക്ഷിച്ചത്. ഡേവിഡ് മലാൻ (50), ലിയാം ലിവിങ്സ്റ്റൺ (36), മുഈൻ അലി (29), ആദിൽ റാഷിദ് (19) എന്നിവരും വേഗം മടങ്ങി.
എട്ടിന് 257 എന്ന നിലയിൽ തകർന്ന ടീമിന് ഒമ്പതാം വിക്കറ്റിൽ മാർക് വുഡിനൊപ്പം നിലയുറപ്പിച്ച സാം കറനാണ് വിജയ പ്രതീക്ഷ നൽകിയത്. ഇന്ത്യൻ ഫീൽഡർമാരുടെ ചോർന്ന കൈകൾ കറന് പലതവണ ലൈഫ് നൽകി. 317ലാണ് മാർക് വുഡിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ഷർദുൽ ഠാകുർ നാലും ഭുവനേശ്വർകുമാർ മൂന്നും വിക്കറ്റ് വീഴ്ത്തി. സാം കറനാണ് മാൻ ഓഫ് ദെ മാച്ച്. ജോണി ബെയർസ്റ്റോ മാൻ ഓഫ് ദെ സീരീസ് പുരസ്കാരം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.