ഹരാരെയിൽ വിജയം തുടർന്ന് ഇന്ത്യ; സിംബാബ്​‍വെ വീഴ്ത്തിയത് 23 റൺസിന്

ഹരാരെ: സിംബാബ്​‍വെക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. സിംബാബ്​‍വെയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലവസാനിച്ചു.

49 പന്തിൽ നിന്ന് 65 റൺസെടുത്ത ഡിയോൻ മേയറും 26 പന്തിൽ 37 റൺസെടുത്ത ക്ലിവ് മഡാണ്ടെയും ശക്തമായി ചെറുത്തു നിന്നെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. വെല്ലിങ്ടൺ മസാകദ്സ 18 ഉം ക്യാപ്റ്റൻ സിക്കന്ദർ റാസ 15 ഉം മറുമാനി 13 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി വാഷ്ങ്ടൺ സുന്ദർ മൂന്നും ആവേശ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 

നേരത്തെ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അർധസെഞ്ച്വറിയുടെയും ഋതുരാജ് ഗെയ്ക്‍വാദിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെയും മികവിലാണ് ഇന്ത്യ 182 റൺസിലെത്തിയത്.

ഇന്ത്യക്കായി മികച്ച തുടക്കമാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 8.1 ഓവറിൽ 67 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 27 പന്തിൽ 36 റൺസിലെത്തിയ ജയ്സ്വാളിനെ സിക്കന്ദർ റാസയുടെ പന്തിൽ ബെന്നറ്റ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് തുടർന്നെത്തിയത്. എന്നാൽ, ഒമ്പത് പന്തിൽ 10 റൺസെടുത്ത താരത്തെ സിക്കന്ദർ റാസയുടെ പന്തിൽ മരുമനി ക്യാച്ചെടുത്തു.

ഗില്ലിന് കൂട്ടായി ഋതുരാജ് ഗെയ്ക്‍വാദ് എത്തിയതോടെയാണ് സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചുതുടങ്ങിയത്. എന്നാൽ, സ്കോർ 153ൽ എത്തിയപ്പോൾ 49 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 66 റൺസിലെത്തിയ ഗില്ലിനെ മുസറബാനി സിക്കന്ദർ റാസയുടെ കൈയിലെത്തിച്ചു. അർധസെഞ്ച്വറിയിലേക്ക് നീങ്ങിയ ഗെയ്ക്‍വാദിനെ (28 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 49) അവസാന ഓവറിലെ നാലാം പന്തിൽ മുസറബാനി തന്നെ മടക്കി. സഞ്ജുവിനൊപ്പം ഒരു റൺസുമായി റിങ്കു സിങ് പുറത്താകാതെ നിന്നു. സിംബാബ്​‍വെക്കായി ​െബ്ലസ്സിങ് മുസറബാനി, സിക്കന്ദർ റാസ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - India defeated Zimbabwe by 23 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.