ലീഡ്സ്: ഇനിയുമുണ്ട് രണ്ട് ദിവസം ബാക്കി. മുന്നിൽ ഇംഗ്ലണ്ട് ഒരുക്കിയ വൻ റൺമല. റിസൽട്ട് എന്തായാലും ഉറപ്പാണ്. പക്ഷേ, അതാലോചിച്ച് അമ്പരക്കാതെ തോൽവി ഒഴിവാക്കാൻ ക്രീസിലുറച്ച് പൊരുതുന്ന ഇന്ത്യയെയാണ് മൂന്നാം ടെസ്റ്റിെൻറ മൂന്നാം ദിവസം ലീഡ്സിൽ കണ്ടത്. മൂന്നാം ദിനം സ്റ്റംപെടുക്കുേമ്പാൾ രണ്ടിന് 215 റൺസെന്ന നിലയിലാണ് ഇന്ത്യ. 91 റൺസുമായി ചേതേശ്വർ പുജാരയും 45 റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. രോഹിത് ശർമ 59 റൺസുമായി അടിത്തറയിട്ടപ്പോൾ കെ.എൽ രാഹുൽ എട്ടു റൺസിന് പുറത്തായി. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്സ് സ്കോറിന് 139 റൺസ് പിറകിലാണ് ഇപ്പോഴും ഇന്ത്യ. നാലാംദിനം പരമാവധി പിടിച്ചുനിന്ന് ലീഡുയർത്തി ഒരു കൈ നോക്കാനാകും ഇന്ത്യൻ ശ്രമം. ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായ ഇന്ത്യയെയല്ല മൂന്നാം ദിവസം കണ്ടത്. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഇന്ത്യക്ക് മുന്നിൽ ജോ റൂട്ട് ബൗളർമാരെ മാറ്റിപ്പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.
എട്ടിന് 423 എന്ന സ്കോറുമായി മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിനെ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേർന്ന് 432 റൺസിൽ പുറത്താക്കി. 32 റൺസെടുത്ത ക്രെയ്ഗ് ഓവർട്ടണെ ഷമി വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ ഒലി റോബിൻസണെ റണ്ണെടുക്കാൻ അനുവദിക്കാതെ ബുംറ കുറ്റി പിഴുതു പുറത്താക്കി. ഇംഗ്ലണ്ടിന് 354 റൺസിെൻറ ഒന്നാമിന്നിങ്സ് ലീഡ്. നാല് വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് വേട്ടയിൽ മുന്നിൽ നിന്നപ്പോൾ ബുംറയും മുഹമ്മദ് സിറാജും രവീന്ദ്ര ജദേജയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
354 റൺസിെൻറ വമ്പൻ ലീഡ് മറികടക്കണമെന്ന കടമ്പ മുന്നിൽ കണ്ട് രണ്ടാമിന്നിങ്സിന് ഇറങ്ങിയതിനാലാവണം ഇന്ത്യയുടെ തുടക്കം പതർച്ചയോടെയായിരുന്നു. വർധിത വീര്യത്തോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് പേസർമാർക്കു മുന്നിൽ രോഹിത് ശർമയും ലോകേഷ് രാഹുലും തപ്പിത്തടഞ്ഞു. അതിനിടയിൽ ഒലി റോബിൻസെൻറ പന്തിൽ രാഹുൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതായി അമ്പയർ വിരലുയർത്തി. അവസാന സെക്കൻറിൽ റിവ്യുവിന് വിട്ട രാഹുൽ തീരുമാനം തിരുത്തിയെങ്കിലും എട്ട് റൺസിൽ നിൽക്കെ ഓവർട്ടെൻറ പന്തിൽ സ്ലിപ്പിൽ ജോണി ബെയർസ്റ്റോവിെൻറ മനോഹരമായ ക്യാചിൽ പുറത്തായി.
പിന്നീടായിരുന്നു ചേതേശ്വർ പൂജാരയുമായി ചേർന്ന് രോഹിതിെൻറ പ്രതിരോധം. മെല്ലെപ്പോക്കിന് ബ്രയൻ ലാറയടക്കമുള്ളവരുടെ വിമർശനം കേൾക്കേണ്ടിവന്നതിനാലാവണം പുജാര കുറച്ചുകൂടി വേഗത്തിലായിരുന്നു സ്കോറിങ്. 125 പന്തിലായിരുന്നു രോഹിത് അർധ സെഞ്ച്വറി കുറിച്ചത്. 156 പന്തിൽ 59 റൺസെടുത്ത രോഹിത് റോബിൻസെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 91 പന്തിൽനിന്ന് പുജാര 30ാമത് അർധ സെഞ്ച്വറി കുറിച്ചു. 94 പന്തിൽ 45 റൺസെടുത്ത കോഹ്ലിയും പഴുതുകൾക്കിടവരാതെയാണ് ബാറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.