ചെന്നൈ: ആസ്ട്രേലിയൻ മണ്ണിലെ ചരിത്ര ജയത്തിെൻറ ആവേശവുമായി ടീം ഇന്ത്യ വെള്ളിയാഴ്ച വീട്ടിലെ പോരാട്ടത്തിനിറങ്ങും. ഡൗൺ അണ്ടറിൽ ബാറ്റിലും ബൗളിലും മികച്ച പ്രകടനവുമായി ഓസീസിനെ കീഴടക്കിയ ആത്മവിശ്വാസമാണ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനുള്ള ഊർജം. നായകൻ വിരാട് കോഹ്ലിയും ഇഷാന്ത് ശർമയും ഉൾപ്പെടെയുള്ളവരുടെ തിരിച്ചുവരവ് ടീമിന് ഉണർവായി. ആസ്ട്രേലിയൻ മണ്ണിൽ ഒാരോ കളി കഴിയുേമ്പാഴും മുതിർന്ന താരങ്ങൾ പരിക്കുമായി പുറത്തായിട്ടും പോർവീര്യം ചോരാതെയായിരുന്നു ഇന്ത്യൻ പോരാട്ടം. ഒടുവിൽ, ഗാബ്ബയിലെ അവസാന അങ്കം ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ടീം മടങ്ങിയത്.
ശ്രീലങ്കക്കെതിരായ പരമ്പര ജയവുമായാണ് ഇംഗ്ലണ്ടിെൻറ വരവ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരിയ ഇംഗ്ലീഷുകാരും എവേ വിജയത്തിെൻറ കരുത്തുമായാണ് ഇന്ത്യയിലെത്തുന്നത്.
കോവിഡാനന്തരം ഫസ്റ്റ്
കോവിഡാനന്തരം ഇന്ത്യ ആദ്യമായാണ് ക്രിക്കറ്റ് പരമ്പരക്ക് വേദിയാവുന്നത്. നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കും ചെന്നൈ ആണ് വേദി. തുടർന്നുള്ള രണ്ട് ടെസ്റ്റ് അഹ്മദാബാദിൽ നടക്കും. പിന്നാലെ അഞ്ച് ട്വൻറി20 മത്സരങ്ങൾക്കും അഹ്മദാബാദ് വേദിയാവും. പരമ്പരയിലെ മൂന്ന് ഏകദിനങ്ങൾ പുണെയിൽ നടക്കും.
സ്പിൻ തന്ത്രം
ഓസീസ് മണ്ണിൽ പേസായിരുന്നു ആയുധമെങ്കിൽ ഹോം ഗ്രൗണ്ടിൽ സ്പിന്നിലേക്കാണ് ഇന്ത്യൻ ശ്രദ്ധ. ആദ്യ മൂന്ന് ദിനം ബൗൺസും ബാറ്റിങ്ങിനെ തുണക്കുന്നതുമായ ചെപ്പോക് പിച്ച് അവസാന രണ്ട് ദിനങ്ങളിൽ ടേണിങ്ങിന് പാകമാവുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ ആർ. അശ്വിൻ, കുൽദീപ് യാദവ് എന്നിവർക്ക് ഇടം ഉറപ്പ്. മൂന്നാമനായി വാഷിങ്ടൺ സുന്ദറോ അക്സർ പട്ടേലോ ഇടം പിടിച്ചേക്കും. ശ്രീലങ്കയുടെ ഇടംകൈയൻ സ്പിന്നർ ലസിത് എംബുൽഡെനിയക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റിങ് നിര വിയർത്തത് പരിഗണിച്ചാൽ അക്സർ പട്ടേൽ നല്ല ഓപ്ഷനാവും. കോഹ്ലി, രോഹിത്, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നീ ആറ് ബാറ്റ്സ്മാൻമാരാണ് ടീമിെൻറ കരുത്ത്. ഓൾറൗണ്ടർ പട്ടികയിലുള്ള ഹാർദിക് പാണ്ഡ്യയും പരിശീലനവുമായി സജീവമായുണ്ട്.
ടെസ്റ്റ്:
ഒന്നാം ടെസ്റ്റ് (ഫെബ്രു 5-9)
രണ്ടാം ടെസ്റ്റ് (ഫെബ്രു 13-17)
മൂന്നാം ടെസ്റ്റ് -ഡേനൈറ്റ് (ഫെബ്രു 24-28
നാലാം ടെസ്റ്റ് (മാർച്ച് 4-8)
ട്വൻറി20: അഹ്മദാബാദ് - മാർച്ച് 12, 14, 16,18, 20
ഏകദിനം: പുണെ - മാർച്ച് 23, 26, 28.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.