ഷാർജ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനലിൽ കടന്ന് ഇന്ത്യ. സെമിയിൽ ബംഗ്ലാദേശിനെ 103 റൺസിന് തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. വെള്ളിയാഴ്ച നടക്കുന്ന കലാശക്കളിയിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. പാകിസ്താനെ 22 റൺസിന് തോൽപിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 243 റൺസാണ് സ്കോർ ചെയ്തത്. എന്നാൽ, എതിരാളികളെ 38.2 ഓവറിൽ 140ൽ ഒതുക്കിയ ബൗളർമാർ ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചു.
ബൗളർമാരുടെ കൂട്ടായ ശ്രമമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. രാജ്വർധൻ ഹൻഗറേക്കർ, രവി കുമാർ, രാജ് ബാവ, വിക്കി ഒസ്ത്വാൾ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നിഷാന്ത് സിന്ധുവും കൗശൽ താംബെയും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തേ, 90 റൺസുമായി പുറത്താവാതെനിന്ന ശൈഖ് റഷീദ് ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. 108 പന്തിൽ ഒരു സിക്സും മൂന്നു ബൗണ്ടറിയുമടങ്ങിയതായിരുനു റഷീദിെൻറ ഇന്നിങ്സ്. ഒസ്ത്വാൾ (28 നോട്ടൗട്ട്) ക്യാപ്റ്റൻ യാഷ് ധുൽ (26), ബാവ (23) എന്നിവരും പിന്തുണ നൽകി. ശ്രീലങ്കക്കെതിരെ ബൗളർമാർ നൽകിയ മുൻതൂക്കം പാക് ബാറ്റർമാർ കളഞ്ഞുകുളിക്കുകയായിരുന്നു. ലങ്കയെ 147ലൊതുക്കിയെങ്കിലും പാകിസ്താന് 125 റൺസെടുക്കാനേ ആയുള്ളൂ. 10 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ട്രവീൻ മാത്യു ആണ് ലങ്കക്ക് ജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.