മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ വിജയപ്രതീക്ഷയിൽ ഇന്ത്യൻ വനിത ടീം. ഒന്നാമിന്നിങ്സിൽ 428 റൺസെടുത്ത ഇന്ത്യ എതിരാളികളെ 136 റൺസിന് കെട്ടുകെട്ടിച്ചു. ഫോളോഓൺ ചെയ്യിക്കാതെ ബാറ്റിങ് തുടർന്ന ഇന്ത്യ രണ്ടാമിന്നിങ്സിൽ ആറിന് 186 എന്ന നിലയിലാണ്. 478 റൺസിന്റെ ലീഡുള്ളതിനാൽ സ്വന്തം നാട്ടിൽ ആദ്യ ടെസ്റ്റ് വിജയത്തിനരികിലാണ് ഇന്ത്യൻ പെൺകൊടികൾ.
ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ദീപ്തി ശർമയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കരുത്തേകിയത്. ഒന്നാമിന്നിങ്സിൽ 67 റൺസ് നേടിയ ദീപ്തിയുടേത് 5.3-4-7-5 എന്ന സൂപ്പർ സ്പെല്ലായിരുന്നു. മാന്ത്രിക ഓഫ് സ്പിന്നുമായി 26ാം ഓവറിലാണ് ദീപ്തിയെത്തിയത്. ആ സമയത്ത് മൂന്നിന് 108 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, 33 പന്തെറിഞ്ഞ ദീപ്തി അഞ്ച് വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റർമാരെ എളുപ്പം മടക്കി. വനിത ടെസ്റ്റിൽ ഫിഫ്റ്റിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ദീപ്തി. ന്യുസിലൻഡിനെതിരെ 1985ൽ ശുഭാംഗി കുൽക്കർണിയാണ് ഇതേ നേട്ടം കൊയ്ത ആദ്യ ഇന്ത്യൻ ഓൾറൗണ്ടർ.
ഏഴിന് 410 എന്ന നിലയിൽ രണ്ടാം ദിനം ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 18 റൺസ് കൂടിയാണ് ചേർക്കാനായത്. നാല് അർധ സെഞ്ച്വറികളാണ് മധ്യനിരയിൽ പിറന്നത്. ശുഭ സതീശ് (69), ജെമീമ റോഡ്രിഗസ് (68), യാസ്തിക ഭാട്യ (66), ദീപ്തി ശർമ (67) എന്നിവരുടെ അർധ സെഞ്ച്വറിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (49) ചെറുത്തുനിൽപുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 19 വിക്കറ്റുകളാണ് രണ്ടാം ദിനം ആകെ പിച്ചിൽ പൊഴിഞ്ഞത്.
പതിയെ റൺസുകൾ നേടി കരുതലോടെ കളിക്കുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റർമാരെ ദീപ്തി ശർമയുടെ ഓഫ് ബ്രേക്ക് ബൗളിങ് പടുകുഴിയിൽ ചാടിച്ചു.
ഡാനി വ്യാറ്റിനെ (19) ഷോർട്ട് ലെഗിൽ ജെമീമ റോഡ്രിഗ്വസിന്റെ കൈയിലെത്തിച്ചാണ് ദീപ്തി ശർമ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. എമി ജോൺസായിരുന്നു (12) രണ്ടാമത്തെ ഇര. എമിയുടെ ഷോട്ട് ഷോർട്ട് ലെഗ് ഫീൽഡറായ സീനിയർ താരം സ്മൃതി മന്ദാനയുടെ ഹെൽമറ്റിൽ തട്ടി ഉയർന്നത് ഷഫാലി വർമ ക്യാച്ചെടുത്തു. ഇതേ ഓവറിൽ സോഫി എക്ലെസ്റ്റോണിന്റെ (പൂജ്യം) കുറ്റിയും ദീപ്തിയുടെ കറങ്ങിത്തിരിഞ്ഞ പന്തിൽ തെറിച്ചു. റിട്ടേൺ ക്യാച്ചിലൂടെ കേറ്റ് ക്രോസ് (ഒന്ന്) ദീപ്തിയുടെ നാലാമത്തെ ഇരയായി. 36ാം ഓവറിൽ ലോറൻ ഫിലറെ ബൗൾഡാക്കി അഞ്ച് വിക്കറ്റ് നേട്ടമെന്ന ബഹുമതി സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ എല്ലാവരെയും പുറത്താക്കി. സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവർ ബ്രണ്ട് 59 റൺസ് നേടി.
ഇംഗ്ലണ്ടിനെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് ഒന്നാമിന്നിങ്സിലെ ബാറ്റിങ് മികവ് ആവർത്തിക്കാനായില്ല. മന്ദാനയും (26) ഷഫാലിയും (33) ഒന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. ജെമിമ റോഡ്രിഗസ് 27 റൺസെടുത്തു. ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കറിനൊപ്പം (17) 53 റൺസ് ചേർത്ത ഹർമൻപ്രീത് സിങ് 44 റൺസുമായി ക്രീസിലുണ്ട്. വിരലിന് പരിക്കേറ്റതിനാൽ ശുഭ സതീശിന് ബാറ്റ് ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.