എൻജിനീയറിങ് ബിരുദധാരിയായ രവിചന്ദ്ര അശ്വിൻ എന്ന ക്ലാസ് ഓഫ് സ്പിന്നർ കൃത്യമായ കണക്കുകൂട്ടലുമായാണ് ബാറ്റും ബാളുമായി എതിരാളികളെ നേരിട്ടിരുന്നത്. വിരമിക്കലും കണക്കുകൂട്ടിത്തന്നെ. ആ കണക്കുകൂട്ടൽ ആരാധകരെ അൽപം വേദനിപ്പിക്കുമെന്ന് മാത്രം. നിർണായക സമയങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി വിജയത്തേരിലേറിയ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരുപിടി വിജയ നിമിഷങ്ങളാണ്.
ക്രിക്കറ്റ് കരിയറിന്റെ നീണ്ട 13 വർഷക്കാലയളവിൽ അശ്വിൻ തീർത്ത ഇതിഹാസ കാവ്യത്തിന് ഇനി ചരിത്രങ്ങളിലിടമുണ്ടാവും; അതും പൂർണാർഥത്തോടെ. പോരാടിയൊഴിയാത്ത വീര്യം 38ാം വയസ്സിലെത്തിനിൽക്കുമ്പോഴും അശ്വിനെ വിട്ടൊഴിഞ്ഞിട്ടില്ല എന്നതാണ് അതിനുദാഹരണം. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ മികച്ച ബാളറായി അഞ്ചാം സ്ഥാനത്തും മികച്ച ഓൾ റൗണ്ടറായി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചാണ് അശ്വിൻ കളമൊഴിയുന്നത്.
തമിഴ്നാട്ടിലെ സാധാരണക്കാരനായ പയ്യനില്നിന്ന് ലോക ക്രിക്കറ്റിലെ ബൗളിങ് ചാണക്യനിലേക്കുള്ള അശ്വിന്റെ പ്രയാണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. കൈവിരലുകൾക്കിടയിൽ മാന്ത്രികത ഒളിപ്പിച്ചുവെച്ച, ബാറ്റർമാരുടെ ചിന്തകൾക്കപ്പുറം പന്തെറിയുന്ന അദ്ദേഹത്തിന്റെ വൈദഗ്ധ്യം അവിസ്മരണീയമാണ്. ആ പന്തിന്റെ ചൂടറിയാത്ത ബാറ്റർമാർ ചുരുക്കമാകും. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ അനിൽ കുംബ്ലെക്ക് ശേഷം ആരെന്ന വിശേഷണം അശ്വിന്റെ പേരിനൊപ്പമാണ്. കുംബ്ലെ 956 വിക്കറ്റുകൾ നേടിയപ്പോൾ അശ്വിൻ വീഴ്ത്തിയത് 765 വിക്കറ്റുകളാണ്.
തമിഴ്നാട് ചെന്നൈ സ്വദേശിയായ രവിചന്ദ്രന്റെയും ചിത്രയുടെയും മകനായി 1986ലാണ് അശ്വിന്റെ ജനനം. തുടക്കത്തിലേ മകന്റെ ക്രിക്കറ്റിലുള്ള താൽപര്യം കണ്ടെത്തുന്നത് പിതാവാണ്. പഠനത്തോടൊപ്പം ക്രിക്കറ്റിലും അശ്വിൻ ശ്രദ്ധകേന്ദ്രീകരിച്ചു. തമിഴ്നാടിനായി പാഡണിഞ്ഞു തുടങ്ങിയ കരിയറിന് 2010ൽ ഐ.പി.എല്ലിലേക്കുള്ള വരവോടെയാണ് വഴിത്തിരിവായത്. ആദ്യം ബാറ്റർ റോളിലായിരുന്നു അശ്വിൻ കളിച്ചിരുന്നത്.
കൂടെ മികച്ച രീതിയിൽ പന്തെറിഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തിന് ബാറ്ററേക്കാളേറെ ബാളിങ്ങിൽ തിളങ്ങാൻ കഴിയുമെന്ന് തിരിച്ചറിയുകയായിരുന്നു. ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിൽ തുടങ്ങിയ കരിയർ പിന്നെ ഇന്ത്യൻ ടീമിലേക്ക് വഴിയെളുപ്പമാക്കി. ധോണിയുടെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായിരുന്ന അശ്വിൻ പിന്നീട് വന്ന കോഹ്ലിയുടെയും രോഹിതിന്റെയും വിശ്വസ്തനായി ടീമിൽ ഇടംനേടി. 2010ലാണ് കരിയറിലെ ആദ്യ ഇന്റർനാഷനൽ ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യക്കായി പന്തെറിയുന്നത്. കളിക്കൂട്ടുകാരിയായ പ്രീതിയാണ് ഭാര്യ.
വേഗത്തിൽ ആദ്യ 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായാണ് അശ്വിൻ റെക്കോഡുകൾക്ക് തുടക്കമിട്ടത്. അത് പിന്നെ ആദ്യ 500 വിക്കറ്റുകൾ വരെ തുടർന്നു. ടെസ്റ്റ് ചരിത്രത്തിൽ വേഗത്തിൽ നേടിയ ആദ്യ 250, 300, 350 വിക്കറ്റുകളും അശ്വിന്റെ പേരിലാണ്. ഒരേ ടെസ്റ്റിൽ അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടുന്ന ഒരേയൊരു താരം. അതും നാലുതവണ. കൂടുതൽ അഞ്ച് വിക്കറ്റുകൾ നേടിയവരിൽ രണ്ടാംസ്ഥാനം.
37 തവണ, എട്ട് 10 വിക്കറ്റ് നേട്ടങ്ങൾ. 12 തവണ മാൻ ഓഫ് ദ ടെസ്റ്റ് സീരീസ് അവാർഡ്. ഒരു കലണ്ടർ വർഷം 50 വിക്കറ്റും 500 റൺസും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരം. 82 തവണ. ഏറ്റവും കൂടുതൽ ഇടം കൈയന്‍മാരെ വീഴ്ത്തിയ റെക്കോഡ്. 268 തവണയാണ് ഇടം കൈയന്മാർ അശ്വിന്റെ ബാളിങ്ങിൽ കറങ്ങിവീണത്.
2010, 2016 ഏഷ്യ കപ്പ് വിജയത്തിലും, 2011ലെ വേൾഡ് കപ്പ് നേട്ടത്തിലും 2013ലെ ഐ.സി.സി ക്രിക്കറ്റ് ചാമ്പ്യൻ ട്രോഫി വിജയത്തിലും ഇന്ത്യൻ ടീമിന്റെ ഭാഗമായി. 2016ൽ ഐ.സി.സി മികച്ച പുരുഷ താരമായും മികച്ച് ടെസ്റ്റ് താരമായും തിരഞ്ഞെടുക്കപ്പെട്ടു. ദ്രാവിഡിനും സചിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് അശ്വിൻ.
2011 -20 ദശാബ്ദത്തിലെ ടെസ്റ്റ് ക്രിക്കറ്റേഴ്സിന്റെ ലിസ്റ്റിലും ആഷിന്റെ പേരുണ്ട്. ഇന്ത്യക്കുവേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും 50ൽ കൂടുതല്‍ മത്സരങ്ങൾ കളിക്കാന്‍ ഭാഗ്യമുണ്ടായ ചുരുക്കം താരങ്ങളിലൊരാളാണ് അശ്വിന്. എങ്കിലും റെഡ് ബാള്‍ ക്രിക്കറ്റിലാണ് അദ്ദേഹം ഏറ്റവും മികച്ചുനിന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ഓൾറൗണ്ടർ ആർ. അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ആശംസകളും സ്നേഹവുമായി താരങ്ങൾ. വിമർശനങ്ങൾക്കും കുറവില്ല. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ശേഷം വിരമിച്ചാൽ മതിയായിരുന്നെന്ന് ഇതിഹാസ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ പറഞ്ഞു. പരമ്പരയുടെ മധ്യത്തിൽ വിരമിക്കൽ പ്രഖ്യാപനം പതിവില്ലെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. സിഡ്നിയിൽ അവസാന ടെസ്റ്റിൽ സ്പിന്നർ എന്ന നിലയിൽ അശ്വിന് ഉത്തരവാദിത്തമുണ്ടാകുമായിരുന്നെന്നും ഗവാസ്കർ പറഞ്ഞു.
അതേസമയം, 14 വർഷത്തെ സൗഹൃദം അനുസ്മരിച്ച് വിരാട് കോഹ്ലി വൈകാരികമായ കുറിപ്പെഴുതി. വിരമിക്കുന്നുവെന്ന് പറഞ്ഞപ്പോൾ വികാരഭരിതനായെന്നും വർഷങ്ങളോളം ഒരുമിച്ച് കളിച്ചതിന്റെ ഓർമകൾ തുളുമ്പിയെന്നും കോഹ്ലി എക്സിൽ കുറിച്ചു. കോഹ്ലിയും അശ്വിനും ഡ്രസ്സിങ് റൂമിലിരുന്ന് സ്നേഹ നിമിഷങ്ങൾ പങ്കിടുന്നത് വൈറലായിരുന്നു. സ്ലിപ്പിൽ നിൽക്കുമ്പോൾ, അശ്വിന്റെ ഓരോ പന്തും വിക്കറ്റ് വീഴ്ത്തുമെന്ന് തോന്നിക്കുമായിരുന്നെന്ന് അജിങ്ക്യ രഹാനെ പറഞ്ഞു.
രവിശാസ്ത്രി: ഞാൻ പരിശീലകനായിരുന്ന കാലത്ത് താങ്കൾ വിലമതിക്കാനാവാത്ത സ്വത്തായിരുന്നു. താങ്കളുടെ കഴിവും കൗശലവും കൊണ്ട് കളിയെ സമ്പന്നമാക്കി.
അനിൽ കുംബ്ലെ: 700ലധികം അന്താരാഷ്ട്ര വിക്കറ്റുകളും തീക്ഷ്ണമായ ക്രിക്കറ്റ് മനസ്സുമുള്ള നിങ്ങൾ ക്രിക്കറ്റ് മൈതാനം കണ്ട ഏറ്റവും മികച്ചവരിൽ ഒരാളാണ്.
ഹർഭജൻ സിങ്: ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ സ്പിന്നിന്റെ പതാകയേന്തിയാണ് ഈ വിരമിക്കൽ.
യുവരാജ് സിങ്: എക്കാലവും നന്നായി നന്നായി കളിച്ച ആഷിന്റെ ഐതിഹാസിക യാത്രക്ക് അഭിനന്ദനങ്ങൾ.
ദിനേശ് കാർത്തിക്: എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ വിരമിക്കുന്നു. നിങ്ങളോടൊപ്പം കളിച്ചതിൽ അഭിമാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.