ജയ്പൂര്‍: ഐ.പി.എൽ പൂരത്തിന് കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാജസ്ഥാൻ റോയൽസ് ആരാധകർക്ക് സന്തോഷ വാർത്ത! പരിക്കിൽനിന്ന് മുക്തരായ നായകൻ സഞ്ജു സാംസണും ഓപ്പണർ യശസ്വി ജയ്സ്വാളും ആദ്യ മത്സരം കളിക്കാനിറങ്ങും.
ഇരുതാരങ്ങളും ഫിറ്റാണെന്ന് ടീം അറിയിച്ചു. ഈമാസം 23ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കിടെ വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സഞ്ജു ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലായിരുന്നു. താരത്തിന് ബാറ്റ് ചെയ്യാൻ അനുമതി നൽകിയെങ്കിലും വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച മാത്രമേ അറിയാനാകു. അതിനുശേഷമായിരിക്കും താരം ടീമിനൊപ്പം ചേരുക.
കാൽക്കുഴക്കേറ്റ പരിക്കിൽനിന്ന് മുക്തനായ ജയ്സ്വാള്‍ കഴിഞ്ഞ ദിവസം ജയ്പൂരിലെ ടീമിന്‍റെ പരിശീലന ക്യാമ്പിൽ എത്തിയിരുന്നു. നേരത്തെ, ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡിലുണ്ടായിരുന്നെങ്കിലും ജയ്സ്വാളിനെ അന്തിമ ടീമില്‍നിന്ന് ഒഴിവാക്കി റിസര്‍വ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ അന്തിമ സ്ക്വാഡിലെത്തിയത്.
ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ ടീം വിട്ടതോടെ ഇത്തവണ രാജസ്ഥാനായി ജയ്സ്വാളും സഞ്ജുവുമാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.