അഹ്മദാബാദ്: ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇംഗ്ലീഷ് പടയുടെ കഥ കഴിച്ച ഇന്ത്യ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തിന് തൊട്ടരികിലെത്തി. അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരായ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം. അതേസമയം, ഇന്ത്യ തോറ്റാൽ ആസ്ട്രേലിയ ഫൈനലിലെത്തും. ഇംഗ്ലണ്ടിലെ ലോഡ്സിലാണ് ഫൈനൽ അരങ്ങേറുക.
അതിവേഗം കാര്യങ്ങൾ തീരുമാനമായ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ പത്തു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്പിൻ ബൗളർമാർ അരങ്ങുവാണ മത്സരത്തിൽ അനായാസകരമായാണ് സന്ദർശകരെ കീഴടക്കിയത്. അക്സർ പട്ടേലും ആർ. അശ്വിനും ബാറ്റ്സ്മാന്മാരെ വിറപ്പിച്ച ദിനം 49 റണ്‍സിെൻറ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 7.4 ഓവറില്‍ വിക്കറ്റ് പോവാതെ ലക്ഷ്യത്തിലെത്തി.
ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനെതിരേ സിക്സര്‍ പറത്തി രോഹിത് ശര്‍മ വിജയറണ്‍സ് കണ്ടെത്തിയതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് രണ്ടു ദിവസംകൊണ്ട് പരിസമാപ്തിയായി. രോഹിത്തിനൊപ്പം (25) ശുഭ്മാന്‍ ഗില്‍ (15) പുറത്താവാതെ നിന്നു. സ്കോര്‍: ഇംഗ്ലണ്ട്- 112/10, 81/10 ഇന്ത്യ 145/10, 49. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി.
17 വിക്കറ്റുകളാണ് രണ്ടാംദിനം മാത്രം വീണത്. 99/3 എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 145ന് പുറത്തായെങ്കിലും രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിനെ 81 റണ്‍സിന് എറിഞ്ഞിട്ടതാണ് കളിയിൽ നിർണായകമായത്. സ്പിന്നർമാരെ മാത്രമാണ് ബൗള്‍ ചെയ്യാനായി നായകന് കോഹ്ലി നിയോഗിച്ചത്. അത് ഫലം കാണുകയും ചെയ്തു.
ആദ്യ ഇന്നിങ്സില്‍ 33 റണ്‍സിെൻറ ലീഡ് മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ. ഇന്ത്യക്ക് ചെറിയ റൺസ് മാത്രം ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചതിെൻറ ആവേശത്തിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിനെ അക്സർ പട്ടേലും (5 വിക്കറ്റ്), അശ്വിനും (4 വിക്കറ്റ്) എറിഞ്ഞിട്ടതോടെ കളിമാറി. 30.4 ഓവറിൽ 81 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യക്ക് മുന്നിൽ 49 റൺസ് വിജയലക്ഷ്യമുയർന്നത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയില്‍ മൂന്നു പേര് മാത്രമേ രണ്ടക്ക സ്കോര്‍ നേടിയുള്ളൂ. 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (19), ഓലി പോപ്പ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഇംഗ്ലണ്ടിെൻറ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണ് ഇത്. 1971ലെ ഓവല്‍ ടെസ്റ്റില്‍ 101 റണ്‍സിനു പുറത്തായതായിരുന്നു മുമ്പുള്ളത്. 1983-84നു ശേഷം ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലായി ഇംഗ്ലണ്ടിെൻറ ഏറ്റവും ചെറിയ ടോട്ടലാണ് അഹ്മദാബാദിലേത്.
നേരത്തേ ഇംഗ്ലണ്ടിെൻറ ഒന്നാമിന്നിങ്സ് സ്കോറായ 112 റണ്‍സിനു മറുപടിയായി രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍ താരങ്ങൾ ജാഥപോലെയാണ് പവലിയനിലേക്ക് മടങ്ങിയത്. 46 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കൈവിട്ടു.
അഞ്ചു വിക്കറ്റെടുത്ത നായകന് ജോ റൂട്ടും നാലു വിക്കറ്റ് പിഴുത ജാക്ക് ലീച്ചുമാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. ടെസ്റ്റില്‍ റൂട്ടിെൻറ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. ഓപണര്‍ രോഹിത് ശര്മക്കൊഴികെ (66) മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ചെറുത്തുനില്‍ക്കാനായില്ല. പരമ്പരയിലെ അവസാന ടെസ്റ്റ് ഇതേ വേദിയിൽ മാർച്ച് നാലു മുതൽ നടക്കും.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കി ആർ. അശ്വിൻ. 77 ടെസ്റ്റിൽ നിന്നാണ് അശ്വിൻ 400 വിക്കറ്റ് വീഴ്ത്തിയത്. ഒപ്പം ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായും അശ്വിന് മാറി.
72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിനെക്കാള്‍ വേഗത്തില്‍ 400 വിക്കറ്റ് ക്ലബിലെത്തിയ ഏക ബൗളര്‍. 80 ടെസ്റ്റിൽനിന്നും 400 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ, ന്യൂസിലന്ഡിെൻറ സർ റിച്ചാർഡ് ഹാഡ്ലി എന്നിവരെയാണ് അശ്വിന് ഈ നേട്ടത്തോടെ മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ കപില്‍ ദേവും (434) അനില്‍ കുംബ്ലെയും(619) ഹര്ഭജന് സിങ്ങും (417) മാത്രമാണ് അശ്വിന് മുമ്പ് 400 വിക്കറ്റ് ക്ലബിലെത്തിയ ബൗളര്‍മാര്‍.
ആദ്യ ഇന്നിങ്സില്‍ മൂന്നും രണ്ടാം ഇന്നിങ്സില്‍ നാലും വിക്കറ്റെടുത്തതോടെ ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ (66) നേടുന്ന ബൗളറെന്ന റെക്കോഡും അശ്വിൻ സ്വന്തമാക്കി. ടെസ്റ്റില്‍ 400 വിക്കറ്റ് തികക്കുന്ന ചരിത്രത്തിലെ ആറാമത്തെ സ്പിന്നറാണ് അശ്വിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.