ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ കളി ബുധനാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കും. നാട്ടിലെ ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം കിവികൾക്കെതിരെയും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ടീമിനെ കഴിഞ്ഞദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ നയിക്കുന്ന സംഘത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ഉപനായകൻ. നേരത്തേ, ബംഗ്ലാദേശിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ടീം തൂത്തുവാരിയിരുന്നു. എന്നാൽ, ശ്രീലങ്കക്ക് മുന്നിൽ രണ്ടു മത്സര പരമ്പര അടിയറവെച്ചാണ് കീവീസ് ഇന്ത്യയിലെത്തുന്നത്. ടോം ലഥാമിന് കീഴിലായിരിക്കും ഇവർ ഇറങ്ങുക.
അതേസമയം, ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ സന്ദർശകനായി മുൻ പരിശീലകൻ രാഹുൽ ദ്രാവിഡെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരങ്ങൾ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അതിഥിയായി അദ്ദേഹം എത്തുന്നത്. നായകൻ രോഹിത് ശർമ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവർക്കൊപ്പം സൗഹൃദം പങ്കിടുന്ന ദ്രാവിഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്.
രണ്ടരവർഷത്തിലധികം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് മുൻ നായകൻ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തോടെ പദവി ഒഴിഞ്ഞത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ പുതിയ ഐ.പി.എൽ സീസണിൽ പരിശീലിപ്പിക്കുന്നത് ദ്രാവിഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.