അഹ്മദാബാദ്: ബാറ്റിങ്ങിനിറങ്ങിയവരെല്ലാം കത്തിക്കയറിയതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിടെ 'ഫൈനൽ' മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. വിരാട് കോഹ്ലി (52 പന്തിൽ 80 നോട്ടൗട്ട്), രോഹിത്ത് ശർമ (34 പന്തിൽ 64), ഹർദിക് പാണ്ഡ്യ (17 പന്തിൽ 39 നോട്ടൗട്ട്), സൂര്യകുമാർ യാദവ് (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു.
ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെയും സ്വന്തം മണ്ണിലെ ഏറ്റവും ഉയർന്ന സ്കോറുമാണിത്. ട്വന്റി20 ഫോർമാറ്റിൽ ആദ്യമായി ഓപണിങ് പങ്കാളികളായ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും പവർപ്ലേ ഓവറുകളിൽ ഇന്ത്യക്കായി മികച്ച തുടക്കമിട്ടു. ഇരുവരും ചേർന്ന് ആദ്യ ആറ് ഓവറുകളിൽ 60 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്.
30 പന്തിൽ അർധസെഞ്ച്വറി തികച്ച രോഹിത്തിനായിരുന്നു ആക്രമണ ചുമതല. സികസറുകളും ഫോറുകളുമായി രോഹിത്ത് കാണികളെ രസിപ്പിച്ചു. എന്നാൽ ഒമ്പത് ഓവറിൽ സ്കോർ 94ൽ എത്തി നിൽക്കേ ബെൻ സ്റ്റോക്സിന്റെ പന്തിൽ രോഹിത്ത് ബൗൾഡായി മടങ്ങി.
എന്നാൽ പിന്നാലെ ക്രീസിലെത്തി ബാറ്റൺ ഏറ്റുവാങ്ങിയ സൂര്യകുമാർ മികച്ച മൂഡിലായിരുന്നു. ഇംഗ്ലീഷ് ബൗളർമാരെ ഭയാശങ്കകളില്ലാതെ നേരിട്ട മുംബൈ ബാറ്റ്സ്മാൻ റൺസ് വാരിക്കൂട്ടി. എന്നാൽ 17 പന്തിൽ 32 റൺസ് അടിച്ചുകൂട്ടിയ സൂര്യയെ ബൗണ്ടറി ലൈനിനരികിൽ ജോർദാനും ജാസൺ റോയ്യും ചേർന്ന് മികച്ചൊരു ക്യാചിലൂടെ പുറത്താക്കി.
പിന്നാലെ കോഹ്ലി പരമ്പരയിലെ മൂന്നാം അർധശതകം സ്വന്തമാക്കി. അവസാന ഓവറുകളിൽ പവർസ്ട്രോക്കുകളുമായി പാണ്ഡ്യയും കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ 200 കടന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിച്ച് തുല്യത പാലിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ്സ്മാൻ കെ.എൽ രാഹുലിനെ പുറത്തിരുത്തിയ ഇന്ത്യ പേസർ ടി. നടരാജനെ ടീമിൽ ഉൾപെടുത്തി. രാഹുൽ ചഹറും വാഷിങ്ടൺ സുന്ദറുമാകും സ്പിന്നർമാർ. ഇംഗ്ലണ്ട് ടീം മാറ്റമില്ലാതെയാണ് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.