ലോകകപ്പ് നേടിയ രോഹിത്തോ വിരാടോ അല്ല! 2024ലെ ഉയർന്ന റൺവേട്ടക്കാരൻ ഈ യുവതാരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സമ്പന്ധിച്ച് വളരെ മികച്ച വർഷമാണ് 2024. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ ആസ്ത്രേലിയ ഇന്ത്യയെ കീഴ്പ്പെടുത്തിയപ്പോൾ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു. എന്നാൽ ഈ വർഷം ടി-20 ലോകകപ്പ് നേടാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. മികച്ച ബാറ്റിങ്ങും, ബൗളിങ്ങും, ഫീൽഡിങ്ങുമെല്ലാമായി ക്രിക്കറ്റിലെ സകല മേഖലയിലും ഇന്ത്യ കളം നിറയുകയാണ്.

ഈ വർഷം ഇന്ത്യക്കായി മികച്ച ബാറ്റിങ് പ്രകടനം നടത്താൻ വിരാട് കോഹ്ലി, രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവർക്കെല്ലാം സാധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ റൺസ് അടിച്ചിരിക്കുന്നത് ഇവരൊന്നുമല്ല. മൂന്ന് ഫോർമാറ്റിലും മികച്ച ഇന്റന്റോടെ കളിക്കുന്ന യുവതാരം യഷസ്വി ജയ്‍സ്വാളാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

മൂന്ന് ഫോർമാറ്റിൽ നിന്നുമായി 993 റൺസാണ് താരം അടിച്ചുക്കൂട്ടിയിരിക്കുന്നത്. രണ്ടാമതുള്ള രോഹിത് ശർമ 22 ഇന്നിങ്സിൽ നിന്നുമായി 833 റൺസ് നേടിയപ്പോൾ ജയ്സ്വാളിന് 17 ഇന്നിങ്സിൽ നിന്നുമാണ് ഇത്രയും റൺസ്. മൂന്നാം സ്ഥാനം ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനാണ്. 18 ഇന്നിങ്സിൽ 725 റൺസാണ് ഗിൽ തന്റെ പേരിൽ കുറിച്ചിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിലാണ് താരത്തിന്റെ ഭൂരിഭാഗം റൺസും. 740 റൺസ് ടെസ്റ്റിൽ താരം നേടിയിട്ടുണ്ട്. രണ്ടാമതുള്ള ശുഭ്മൻ ഗിൽ 498 റൺസാണ് ടെസ്റ്റിൽ സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം ശ്രിലങ്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചു. 43 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 170റൺസിലൊതുക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.


Tags:    
News Summary - Yashasvi Jaiswal is the top scorer of the Indian team in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.