അഫ്ഗാനെതിരെ ഇന്ത്യക്ക് 159 റൺസ് വിജയലക്ഷ്യം

മൊഹാലി: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 159 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ 158 റൺസെടുത്തു. നേരത്തെ, ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

27 പന്തിൽ 42 റൺസ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ. ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ എട്ടു ഓവറിൽ 50 റൺസെടുത്തു. പിന്നാലെ 23 റൺസെടുത്ത ഗുർബാസിനെ അക്സർ പട്ടേലിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടുപിന്നാലെ 25 റൺസെടുത്ത സദ്രാനെ ശിവം ദുബെയും മടക്കി. അസ്മത്തുല്ല ഒമർസായ് (22 പന്തിൽ 29), റഹ്മത്ത് ഷാ (ആറു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 19 റൺസുമായി നജീബുല്ല സദ്രാനും ഒമ്പത് റൺസുമായി കരീം ജനത്തും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി. സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. ശുഭ്മാൻ ഗില്ലും തിലക് വർമയും ഇടം പിടിച്ചപ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായി. അഫ്ഗാനും ഇന്ത്യയും തമ്മിൽ ആദ്യമായാണ് ഒരു വൈറ്റ്ബാൾ ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ഏകദിനത്തിലോ ട്വന്റി20യിലോ ഇതുവരെ ഇരുടീമും തമ്മിൽ പരമ്പരയിൽ ഏറ്റുമുട്ടിയിട്ടില്ല.

സൂപ്പർതാരം വിരാട് കോഹ്ലി ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്ന് കോച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങളിൽ താരം തിരിച്ചെത്തിയേക്കും.

നീണ്ട ഇടവേളക്ക് ശേഷമാണ് നായകൻ രോഹിത് ശർമ ട്വന്റി മത്സരത്തിൽ കളിക്കുന്നത്. 2022 നവംബറിൽ അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് അവസാനമായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമം തുടരുന്ന അഫ്ഗാനിസ്താൻ ഓൾ റൗണ്ടർ റാഷിദ് ഖാനും പരമ്പരയിൽ കളിക്കുന്നില്ല. ടീം പ്രഖ്യാപിച്ചപ്പോൾ റാഷിദിനെയും ഉൾപ്പെടുത്തിയിരുന്നു. പൂർണാരോഗ്യം വീണ്ടെടുക്കാത്തതിനാലാണ് ഒഴിവാക്കേണ്ടിവന്നതെന്ന് ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അറിയിച്ചു.

ഇന്ത്യ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, തിലക് വർമ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.

അഫ്ഗാനിസ്താൻ ടീം: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, റഹ്മത്ത് ഷാ, അസ്മത്തുല്ല ഉമർസായി, മുഹമ്മദ് നബി, നജീബുല്ല സദ്രാൻ, കരീം ജനത്, ഗുൽബദ്ദീൻ നായിബ്, ഫസൽ ഹഖ് ഫാറൂഖി, നവീനുൽ ഹഖ്, മുജീബുർറഹ്മാൻ.

Tags:    
News Summary - India vs Afghanistan T20I: India Restrict Afghanistan For 158/5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.