ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ചെപ്പോക്കിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ കാണികളുടെ സാന്നിധ്യത്തിൽ പരമ്പരയിൽ തിരിച്ചു വരവിനായി ലക്ഷ്യമിടുകയാണ്.
ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്. ഓപണർ രോഹിത് ശർമയും (50) ചേതേശ്വർ പുജാരയുമാണ് (10) ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ഓപണർ ശുഭ്മാൻ ഗില്ലിനെ ഒലി പോപ്പ് പൂജ്യത്തിന് പുറത്താക്കി.
പരിക്ക് മാറി തിരിച്ചെത്തിയ അക്സർ പേട്ടൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചു. സ്പിന്നിന് അനുകൂലമാകുമെന്ന് കരുതപ്പെടുന്ന പിച്ചിൽ അക്സറിന് കൂട്ടായി ആർ. അശ്വിനും കുൽദീപ് യാദവും ടീമിലുണ്ട്. പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോൾ മുഹമ്മദ് സിറാജിന് അവസരം ലഭിച്ചു. സ്പിന്നർ ശഹബാസ് നദീമിനെ പുറത്തിരുത്തി.
നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് കളിക്കുന്നത്. ജോസ് ബട്ലറിന് പകരക്കാരനായി ബെൻ ഫോക്സ് ഇംഗ്ലീഷ് ടീമിന്‍റെ ഗ്ലൗസണിയും. പേസർ ജെയിംസ് ആൻഡേഴ്സൺ, ഓഫ് സ്പിന്നർ ഡോം ബെസ്, ജോഫ്ര ആർച്ചർ എന്നിവർക്ക് പകരം സ്റ്റുവർട്ട് ബ്രോഡ്, ഒലി സ്റ്റോൺ, മുഈൻ അലി എന്നിവർക്ക് അവസരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.