ബ്രിഡ്ജ്ടൗൺ: വെസ്റ്റീൻഡീസ് കുറിച്ച ചെറിയ സ്കോറിനു മുന്നിൽ വിറച്ച് ജയിച്ച് ഇന്ത്യ. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വിൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ ലക്ഷ്യത്തിലെത്തിയത്.
ഇന്ത്യക്കായി ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി ടീമിന്‍റെ ടോപ് സ്കോററായി. 46 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 52 റൺസെടുത്താണ് താരം പുറത്തായത്. ശുഭ്മൻ ഗിൽ (ഏഴ്), സൂര്യകുമാർ യാദവ് (19), ഹാർദിക് പാണ്ഡ്യ (അഞ്ച്), ഷർദൂൽ ഠാക്കൂർ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 16 റൺസുമായി രവീന്ദ്ര ജദേജയും 12 റൺസുമായി രോഹിത് ശർമയും പുറത്താകാതെ നിന്നു.
വിൻഡീസിനായി ഗുഡകേഷ് മോട്ടി രണ്ടു വിക്കറ്റ് നേടി. നേരത്തെ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ വീൻഡീസ് ബാറ്റർമാർ തകർന്നടിഞ്ഞിരുന്നു. നായകൻ ഷായ് ഹോപിനു മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. 45 പന്തിൽ 43 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. നാലുപേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേർ പൂജ്യത്തിന് പുറത്തായി.
കൈൽ മയേഴ്‌സ് (ഒമ്പത് പന്തിൽ രണ്ട് റൺസ്), അലിക് അതനാസെ (18 പന്തിൽ 22), ബ്രാൻഡൻ കിങ് (23 പന്തിൽ 17), ഷിമ്രോൻ ഹെറ്റ്‌മെയർ (19 പന്തിൽ 11), റൊവ്മൻ പവൽ (നാലു പന്തിൽ നാല്), റൊമാരിയോ ഷെഫേഡ് (പൂജ്യം), ഡൊമിനിക് ഡ്രേക്‌സ് (അഞ്ച് പന്തിൽ മൂന്ന്), യാനിക് കറിയ (ഒമ്പത് പന്തിൽ മൂന്ന്), ജെയ്ഡൻ സീൽസ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഗുഡകേഷ് മോട്ടി റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റും രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, മുകേഷ് കുമാർ, ഷർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം കിട്ടിയില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. മുഹമ്മദ് സിറാജിന്‍റെ അഭാവത്തിൽ പേസർ മുകേഷ് കുമാർ ടീമിൽ ഇടം നേടി. താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
നേരത്തെ, ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.