ഇന്ത്യക്കെതിരെ വിൻഡീസ് പൊരുതുന്നു; അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 229

പോർട്ട് ഓഫ് സ്പെയിൻ: ജയത്തുടർച്ച തേടി മൂന്നാം ദിനം ഇറങ്ങിയ ഇന്ത്യക്ക് നിരാശ നൽകി മഴയും വിൻഡീസ് താരങ്ങളുടെ ചെറുത്തുനിൽപും. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 438 റൺസ് കുറിച്ചിരുന്നു. ഇപ്പോഴും 209 റൺസ് പിന്നിലാണ് വിൻഡീസ്.

ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് അർധ സെഞ്ച്വറി നേടി. 235 പന്തിൽ 75 റൺസെടുത്താണ് താരം പുറത്തായത്. അലിക്ക് അത്നാസെ (111 പന്തിൽ 37 റൺസ്), ജേസൻ ഹോൾഡർ (39 പന്തിൽ 11) എന്നിവരാണ് ക്രീസിലുള്ളത്. അതിവേഗ വിക്കറ്റുകളുമായി സമ്മർദത്തിലാക്കുകയെന്ന തന്ത്രം തിരിച്ചറിഞ്ഞ വിൻഡീസ് ക്ഷമാപൂർവമാണ് കളിക്കുന്നത്.

കളി 51.4 ഓവറിൽ രണ്ടിന് 117 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. അഞ്ചു വർഷത്തെ ഇടവേള അവസാനിപ്പിച്ച് വിദേശ മണ്ണിൽ സെഞ്ച്വറിത്തിളക്കവുമായി സാക്ഷാൽ വിരാട് കോഹ്‍ലി നിറഞ്ഞാടിയ രണ്ടാം ദിവസം ഇന്ത്യൻ ബാറ്റർമാരുടെ വാഴ്ചയാണ് മികച്ച ടോട്ടൽ സമ്മാനിച്ചത്. 121 റൺസ് എടുത്ത് കോഹ്‍ലി മടങ്ങിയെങ്കിലും മധ്യനിരയിൽ രവീന്ദ്ര ജദേജ 61ഉം വാലറ്റത്ത് രവിചന്ദ്രൻ അശ്വിൻ 56ഉം റൺസ് സ്വന്തമാക്കി.

ഇശാൻ കിഷൻ 25 റൺസിലും പുറത്തായി. അവസാനക്കാരായ ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ് എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിരയിൽ ഓപണർമാർ മനോഹരമായി ബാറ്റുവീശി ടീമിന്‍റെ രക്ഷാദൗത്യം ഏറ്റെടുത്തു. ബ്രാത്ത് വെയ്റ്റും ടാഗ്നരൈൻ ചന്ദൾപോളും ഒന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. ചന്ദൾപോളിനെ മടക്കി രവീന്ദ്ര ജദേജയാണ് കുട്ടുകെട്ട് പൊളിച്ചത്. 33 റൺസെടുത്താണ് താരം പുറത്തായത്. ബ്രാത് വെയ്റ്റ് തളർച്ച കാട്ടാത്ത ബാറ്റിങ്ങുമായി ഇന്ത്യൻ ബൗളർമാരെ നേരിട്ടു.

ഇതിനിടെ മെക്കൻസിയെ (32) മുകേഷ് കുമാർ കീപ്പർ ഇഷാൻ കിഷന്‍റെ കൈകളിലെത്തിച്ചു. മുകേഷിന്‍റെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്. പിന്നാലെ ബ്രാത്ത് വെയ്റ്റും ജെർമെയ്ൻ ബ്ലാക്ക്വുഡും (20), ജോഷ്വ ഡാ സിൽവയും (10) മടങ്ങി. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജദേജ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ആർ. അശ്വിൻ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - India vs West Indies, 2nd Test: West Indies 229/5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.