ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. 280 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 515 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 234 റൺസ് എടുത്ത് എല്ലാവരും പുറത്തായി. നായകൻ നജ്മുൽ ഹുസ്സൈൻ ഷാന്‍റോ 82 റൺസ് നേടി പൊരുതാൻ ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യക്കായി ആർ. അശ്വിൻ ആറ് വിക്കറ്റ് സ്വന്തമാക്കി. മൂന്ന് വിക്കറ്റ് നേടി രവീന്ദ്ര ജദേജയും തിളങ്ങി. ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഓപ്പണർമാരായ സകീർ ഹസൻ (33 റൺസ്) ഷദ്മൻ ഇസ്ലാം (35) റൺസ് എന്നിവർ മാത്രമാണ് ഷാന്‍റോക്ക് ചെറിയ പിന്തുണ എങ്കിലും നൽകിയത്. മോമിനുൽ ഹഖ് (13), മുഷ്ഫിഖുർ റഹീം (13), ലിട്ടൺ ദാസ് (1), എന്നിങ്ങനെ ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. വെറ്ററൻ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ 25 റൺസ് നേടി പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഷാന്‍റോ എട്ടാമനായാണ് കളം വിട്ടത്. ജദേജക്കായിരുന്നു വിക്കറ്റ്.
നേരത്തെ രണ്ടാം ഇന്നിങ്സിൽ യുവതാരങ്ങളായ ശുഭ്മൻ ഗില്ലിന്‍റെയും ഋഷഭ് പന്തിന്‍റെയും സെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റൻ ലീഡിലെത്തിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 167 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കിയിരുന്നു. 176 പന്തിൽ നിന്നും പത്ത് ഫോറിന്‍റെയും നാല് സിക്സറിന്‍റെയും അകമ്പടിയോടെ 119 റൺസാണ് ഗിൽ നേടിയത്. നങ്കൂരമിട്ട് കളിച്ച് പിന്നീട് കത്തികയറിയ പന്ത് 128 പന്തിൽ 109 റൺസ് നേടി. 13 ഫോറും നാല് സിക്സറും അദ്ദേഹത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. 22 റൺസുമായി കെ.എൽ. രാഹുൽ പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ 287/4 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ അശ്വിന്‍റെയും ജദേജയുടെയും ബാറ്റിങ് മികവിൽ ഇന്ത്യ 376 റൺസ് സ്വന്തമാക്കിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 149 റൺസിൽ ഒതുക്കി ഇന്ത്യ 227 റൺസിന്‍റെ ലീഡ് നേടിയിരുന്നു.
ആദ്യ ഇന്നിങ്സിൽ ബാറ്റ് കൊണ്ട് 113 റൺസും രണ്ടാം ഇന്നിങ്സിൽ ബോൾ കൊണ്ട് ആറ് വിക്കറ്റും നേടിയ അശ്വിനാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം സെപ്റ്റംബർ 27ന് ആരംഭിക്കും. കാൺപൂരീലെ ഗ്രീൻപാർക്കിലാണ് മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.