ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെകുത്താൻകൂട്ടം എന്നറിയപ്പെട്ടിരുന്ന ഡൽഹി ഡെയർ ഡെവിൾസ് പിന്നീട് ഡൽഹി കാപിറ്റൽസായി. സെവാഗും ഗംഭീറും മനീഷ് പാണ്ഡെയും യുവരാജ് സിങ്ങും എബി ഡിവില്ലിയേഴ്സുമൊക്കെ ക്രീസിൽ നിറഞ്ഞാടിയ സീസണുകൾ. ഇതുവരെ കിരീടം ഉയർത്തിയിട്ടില്ലെങ്കിലും ഡൽഹി കാപിറ്റൽസിനുള്ള ആരാധകക്കൂട്ടത്തിന്റെ ആവേശം ഒന്നുവേറെതന്നെയാണ്. 2020ലാണ് ഡൽഹി ആദ്യമായി ഫൈനലിൽ എത്തിയത്.
മുംബൈ ഇന്ത്യൻസിനോട് അഞ്ചു വിക്കറ്റിന് തോറ്റു മടങ്ങേണ്ടിവന്നത് കിരീടമില്ലാത്ത രാജാക്കന്മാരായി കളം വിടുന്നതിന് കാരണമായി. വലിയ താരനിര ടീമിലുണ്ടെങ്കിലും വേണ്ടത്ര ഫോമിലെത്താനോ വിജയം കാണാനോ ഡൽഹിക്ക് സാധിക്കാറില്ല. ഒന്നോ രണ്ടോ തവണ മാത്രമാണ് സെമിഫൈനൽ പോലും കണ്ടത്.
ഋഷഭ് പന്തിന്റെ അഭാവത്തിൽ ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറാണ് ടീമിനെ നയിക്കുന്നത്. പ്രിഥ്വി ഷാ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ, മിച്ചൽ മാർഷ് എന്നിവർ ബാറ്റിങ്ങിൽ തിളങ്ങിയേക്കും. അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ബൗളിങ്ങിലും എതിർ ടീമിനെ പൂട്ടാൻ ഒരുങ്ങിയാവും മൈതാനത്തേക്ക് എത്തുക. ഓൾറൗണ്ടർമാരുടെ അവസരത്തിനൊത്ത നീക്കങ്ങളും ഒത്തിണങ്ങിയാൽ ഡൽഹിക്ക് പുതിയ വിജയഗാഥ രചിക്കാം. ആരാധകർക്ക് മതിമറന്ന് ആനന്ദിക്കാം.
ആസ്ട്രേലിയൻ ക്രിക്കറ്ററും പരിശീലകനും കമന്റേറ്ററുമായ റിക്കി തോമസ് പോണ്ടിങ്ങാണ് ഡൽഹിയുടെ പരിശീലകൻ. ദേശീയ ടീമിന്റെ ക്യാപ്റ്റനായി നിലകൊണ്ടിരുന്ന ഇദ്ദേഹം ടീമിന് ഏറെ മുതൽക്കൂട്ടായിരുന്നു. മികച്ച ബാറ്റ്സ്മാനുമായിരുന്നു റിക്കി. കളിക്കളത്തിലെ പ്രകടനത്തേക്കാളും ഒരു ടീമിനെ നന്നായി പരിശീലിപ്പിക്കാനും തന്ത്രങ്ങൾ മെനയാനും റിക്കിക്ക് ആവുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.