അബൂദബി: കിങ് കോഹ്ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം വിളക്കി ചേർക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇനിയും കാത്തിരിക്കണം. എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആറ് വിക്കറ്റിനാണ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ മത്സരം അവസാന ഓവറിലേക്ക് നീട്ടിയ ബാംഗ്ലൂർ ബൗളർമാരാണ് കൈയ്യടി അർഹിക്കുന്നത്.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഏഴിന് 131 റൺസ് എടുക്കാനാണ് സാധിച്ചത്. എബി ഡിവില്ലിയേഴ്സ് (56), ആരോൺ ഫിഞ്ച് (32), മുഹമ്മദ് സിറാജ് (10 നോട്ടൗട്ട്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. തുടക്കത്തിൽ ഒന്ന് പരുങ്ങിയെങ്കിലും പക്വതയാർന്ന ഇന്നിങ്സ് കാഴ്ചവെച്ച കെയ്ൻ വില്യംസൺ (50 നോട്ടൗട്ട്), മനീഷ് പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്) എന്നിവർ ചേർന്ന് ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
നവ്ദീപ് സെയ്നിയെറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി രണ്ട് ബീണ്ടറികൾ പായിച്ച് കരീബിയൻ താരമായ ഹോൾഡർ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. അവസാന അഞ്ച് മത്സരം തോറ്റാണ് ബാംഗ്ലൂർ ടൂർണമെൻറ് അവസാനിപ്പിച്ചത്.
രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസാണ് ഹൈദരാബാദിെൻറ എതിരാളികൾ. നേരത്തെ മൂന്ന് വിക്കറ്റെടുത്ത ജേസൺ ഹോൾഡറിനും രണ്ട് വിക്കറ്റെടുത്ത നടരാജനുമൊപ്പം റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയ സന്ദീപ് ശർമയും റാഷിദ് ഖാനും ചേർന്ന് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.
ബാറ്റിങ്ങിലെ താളം കണ്ടെത്താനായി ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലിയെ (6) നഷ്ടപ്പെട്ടാണ് ബാംഗ്ലൂർ തുടങ്ങിയത്. പിന്നാലെ ഒരു റൺസുമായി ദേവ്ദത്തും മടങ്ങി. ശേഷം ക്രീസിലുറച്ച് നിന്ന ആരോൺ ഫിഞ്ചും (32) എ.ബി ഡിവില്ലിയേഴ്സും (56) ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചു. എന്നാൽ അബ്ദുൽ സമദിന് പിടികൊടുത്ത് ഫിഞ്ച് പുറത്തായതിന് പിന്നാലെ റൺസൊന്നുമെടുക്കാത്ത മുഈൻ അലിയും എട്ട് റൺസുമായി ശിവം ദുബെയും മടങ്ങി.
അപ്പോഴും ക്രീസിലുറച്ച് നിന്ന് പൊരുതിയ എബി ഡിവില്ലിയേഴ്സിനെ 17ാം ഓവറിൽ നടരാജൻ ക്ലീൻ ബൗൾഡാക്കി മടക്കിയതോടെ ബാംഗ്ലൂരിെൻറ മോഹങ്ങൾ പൊലിഞ്ഞു. ഫലത്തിൽ ഭേദപ്പെട്ട സ്കോർ പോലും പടുത്തുയർത്താനാവാതെയാണ് ബാംഗ്ലൂർ ഫീൽഡിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.