ഐ.പി.എൽ ഫൈനൽ: രാജസ്ഥാന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു

അഹ്മദാബാദ്: ഐ.പി.എൽ ഫൈനലിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. ക്വാളിഫയറിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് രാജസ്ഥാൻ റോയൽസ് കലാശപ്പോരിന് ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റൻസിൽ അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൺ തിരിച്ചെത്തി.

അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. പ്രഥമ സീസണിൽത്തന്നെ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റൻസും ആദ്യ സീസണിലെ ജേതാക്കളായ രാജസ്ഥാൻ റോയൽസും വിജയപ്രതീക്ഷയിലാണ്. മത്സരം ട്വൻറി20 ആയതിനാൽ സാധ്യതകൾ ഫിഫ്റ്റി ഫിഫ്റ്റി. രാജസ്ഥാൻ കപ്പിത്താൻ സഞ്ജു സാംസണോ ഗുജറാത്തിനെ നയിക്കുന്ന ഹർദിക് പാണ്ഡ്യയോ ഇതുവരെ കിരീടമുയർത്തിയിട്ടില്ല. ഒന്നാം ക്വാളിഫയറിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ വിജയം ഗുജറാത്തിനൊപ്പമായിരുന്നു.

സീസണിൽ 15 മത്സരങ്ങളിൽ 11ഉം ജയിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. ഫൈനലിൽ ആര് ജയിച്ചാലും കപ്പ് ഏറ്റുവാങ്ങുക പുതിയ നായകനായിരിക്കും.

ടീം: രാജസ്ഥാൻ റോയൽസ് -യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിരോൺ ഹെയ്റ്റമെയർ, റിയാൻ പരാഗ്, രവിചന്ദ്ര അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസീദ് കൃഷ്ണ, ഒബദ് മെക്കോയ്, യുസ്‌വേന്ദ്ര ചഹൽ.

ഗുജറാത്ത് ടൈറ്റൻസ് -വൃന്ദിമാൻ സാഹ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി.

Tags:    
News Summary - IPL 2022 Final: Rajasthan Royals Win Toss, Elect To Bat vs Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.