ഗ്വാളിയോർ (മധ്യപ്രദേശ്): ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആവേശത്തിൽ ഇന്ത്യ ഞായറാഴ്ച ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന്. ഹിന്ദു മഹാസഭയുടെ ബന്ദ് ആഹ്വാനവും ജില്ല ഭരണകൂടം പുറപ്പെടുവിച്ച നിരോധനാജ്ഞയും നിലനിൽക്കെ കനത്ത സുരക്ഷ സംവിധാനങ്ങൾക്ക് നടുവിലാണ് കളി. സൂര്യകുമാർ യാദവ് നയിക്കുന്ന യുവനിരയിലെ താരങ്ങൾ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. നജ്മുൽ ഹുസൈൻ ഷാന്റോയുടെ പച്ചപ്പടക്ക് വെറുംകൈയോടെ മടങ്ങാനും വയ്യ. റണ്ണൊഴുകുമെന്ന് പ്രവചിക്കുന്ന പിച്ചിൽ രാത്രി ഏഴ് മുതലാണ് മത്സരം. മൂന്ന് കളികളാണ് പരമ്പരയിലുള്ളത്.
സഞ്ജു ഓപണർ?
മലയാളി താരം സഞ്ജു സാംസണിനെ ഒന്നാം വിക്കറ്റ് കീപ്പറായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നതിനാൽ ഇന്ന് ആദ്യ ഇലവനിലുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. സഞ്ജു ഏത് പൊസിഷനിലാണ് ഇറങ്ങുകയെന്ന ചോദ്യം പ്രസക്തമാണ്. അഭിഷേക് ശർമ മാത്രമാണ് നിലവിൽ ടീമിലെ സ്പെഷലിസ്റ്റ് ഓപണർ. അഭിഷേകിനൊപ്പം ഇന്നിങ്സ് ആരംഭിക്കാൻ ടീം മാനേജ്മെന്റ് കണ്ടുവെച്ചിരിക്കുന്നത് സഞ്ജുവിനെയാണ്. ശ്രീലങ്കക്കെതിരെ ഈയിടെ നടന്ന ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തിൽ താരം ഓപണറായെങ്കിലും പരാജയമായി.
മൂന്നാമനായി ക്യാപ്റ്റൻ സൂര്യകുമാർ ഇറങ്ങാനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് തുടങ്ങിയവരും പിന്നാലെയെത്തും. റയാൻ പരാഗും വാഷിങ്ടൺ സുന്ദറും ഓൾ റൗണ്ടർ പരിഗണനയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. പേസ് സെൻസേഷൻ മായങ്ക് യാദവ്, ഡൽഹി ഫാസ്റ്റ് ബൗളർ ഹർഷിത് റാണ, ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവർ അരങ്ങേറ്റം കാത്തിരിക്കുകയാണ്. ഐ.പി.എല്ലിലെ അതിശയപ്രകടനങ്ങൾക്കിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു ലഖ്നോ സൂപ്പർ ജയന്റ്സ് താരം മായങ്ക്. അർഷ്ദീപ് സിങ്ങായിരിക്കും പേസ് ബൗളിങ് നയിക്കുക. രവി ബിഷ്ണോയിയാണ് സ്പിന്നർമാരിൽ പരിചയസമ്പന്നൻ.
കടുവകൾക്ക് അഭിമാനപ്രശ്നം
ഇന്ത്യയുമായി കളിച്ച 13ൽ 12 ട്വന്റി20 മത്സരങ്ങളും തോറ്റവരാണ് അയൽക്കാരായ ബംഗ്ലാദേശുകാർ. ഒരു കളി ജയിച്ചത് മിച്ചം. ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ആക്രമിക്കപ്പെടുന്നുവെന്നാരോപിച്ചാണ് ടീമിനെതിരെ ഹിന്ദു മഹാസഭ പ്രതിഷേധിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ കടുവകൾക്ക് ജയം അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട്. ചാമ്പ്യൻ ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ വിരമിച്ചതിന്റെ വിടവ് അടുത്തകാലത്തൊന്നും ബംഗ്ലാദേശിന് നികത്താനാവില്ല.
മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്. 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഗ്വാളിയോറിൽ അന്താരാഷ്ട്ര മത്സരമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, റയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, ഹർഷിത് റാണ.
ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൻസീദ് ഹസൻ തമീം, പർവേസ് ഹുസുൻ ഇമോൻ, തൗഹിദ് ഹൃദോയ്, മഹ്മൂദുല്ല, ലിറ്റൺ കുമർ ദാസ്, ജാക്കർ അലി അനിക്, മെഹ്ദി ഹസൻ മിറാസ്, ഷാക് മെഹ്ദി ഹസൻ, റിഷാദ് ഹുസൈൻ, മുസ്തഫിസുർറഹ്മാൻ, തസ്കിൻ അഹ്മദ്, ശരീഫുൽ ഇസ്ലാം, തൻസിം ഹസൻ സാകിബ്, റാകിബുൽ ഹസൻ.
വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെതിരെ
ദുബൈ: ആദ്യ മത്സരത്തിലെ കനത്ത തോൽവി ഏൽപിച്ച ആഘാതത്തിൽ സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജയം തേടി ഇന്ത്യ ഇന്ന് വനിത ട്വന്റി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിന്. ഗ്രൂപ് എയിൽ ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും രണ്ടാം കളിയിലെ എതിരാളികൾ അയൽക്കാരായ പാകിസ്താനാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനമെന്നതും കരുത്തരായ ആസ്ട്രേലിയയടക്കം നേരിടാനുള്ളതും ഇന്ത്യയുടെ ചങ്കിടിപ്പേറ്റുന്നുണ്ട്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ച ഫാത്തിമ സന നയിക്കുന്ന പച്ചക്കുപ്പായക്കാരികൾക്കും പരാജയത്തെക്കുറിച്ച് ചിന്തിക്കാൻ വയ്യ.
രണ്ട് സന്നാഹ മത്സരങ്ങളിലെ ആധികാരിക ജയങ്ങളിലൂടെ ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കഴിഞ്ഞ ദിവസം ഇറങ്ങിയത്. പക്ഷേ, 58 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത കിവികൾ 160 റൺസടിച്ചപ്പോൾ ഇന്ത്യ 102ൽ പുറത്തായി. 15 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഒരാൾക്കുപോലുമായില്ലെന്നത് തോൽവിയുടെ ദയനീയത കൂട്ടി. ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ക്യാപ്റ്റൻ ഹർമൻപ്രീതും ജെമീമ റോഡ്രിഗയും റിച്ച ഘോഷും വലിയ സ്കോറുകൾ കണ്ടെത്തിയാലേ രക്ഷയുള്ളൂ. മലയാളി സ്പിന്നർ ആശ ശോഭന കിട്ടിയ അവസരം മുതലെടുത്ത് ബൗളിങ്ങിൽ തിളങ്ങി. പേസർ രേണുക സിങ്ങും വിശ്വാസം കാത്തു.
അഞ്ചുവീതം ടീമുകളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. എ ഗ്രൂപ്പിൽ ആദ്യ കളികൾ ജയിച്ച ആസ്ട്രേലിയയും ന്യൂസിലൻഡും പാകിസ്താനുമാണ് യഥാക്രമം മൂന്ന് സ്ഥാനങ്ങളിൽ. കുറഞ്ഞ നെറ്റ് റൺറേറ്റുള്ള ഇന്ത്യ ശ്രീലങ്കക്കും പിറകിലായി അഞ്ചാം സ്ഥാനത്താണ്. ജയം ആവർത്തിച്ചാൽ പാകിസ്താന് അവസാന നാലിലേക്ക് ഒരുപടി കൂടി അടുക്കാനാവും. പരാജയം പുറത്തേക്ക് വഴിതുറക്കുമെന്നതിനാൽ ഇന്ത്യക്കിത് ജീവന്മരണ മത്സരമാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകർ, ശ്രേയങ്ക പാട്ടീൽ, ആശ ശോഭന, രേണുക സിങ്, ദയാലൻ ഹേമലത, രാധ യാദവ്, യാസ്തിക ഭാട്യ, സജന സജീവൻ.
പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), ആലിയ റിയാസ്, ഡയാന ബെയ്ഗ്, ഗുൽ ഫിറോസ, ഇറാം ജാവേദ്, മുനീബ അലി, നഷ്റ സുന്ദു, നിദാ ദർ, ഉമൈമ സുഹൈൽ, സദഫ് ഷംസ്, സാദിയ ഇഖ്ബാൽ, സിദ്റ അമിൻ, സയ്യിദ അറൂബ് ഷാ, തസ്മിയ റുബാബ്, തുബ ഹസ്സൻ.
ആസ്ട്രേലിയ തുടങ്ങി
ഷാർജ: നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ തകർപ്പൻ ജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 20 ഓവറിൽ ഏഴ് വിക്കറ്റിന് 93 റൺസിലൊതുക്കിയ ഇവർ 14.4 ഓവറിൽ നാലിന് 94ലെത്തി. വിജയികൾക്കായി ഓപണർ ബെത്ത് മൂണി 43 റൺസുമായി പുറത്താവാതെ നിന്നു. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മെഗാൻ ഷട്ടാണ് ലങ്കയെ പിടിച്ചുകെട്ടിയത്.
ദുബെക്ക് പരിക്ക്; തിലക് വർമ ടീമിൽ
പരിക്കേറ്റ ഓൾ റൗണ്ടർ ശിവം ദുബെയെ ട്വന്റി20 പരമ്പര ടീമിൽ നിന്ന് ഒഴിവാക്കി. തിലക് വർമയാണ് പകരക്കാരൻ. തിലക് ഇന്ന് ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.