ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിൽ യുവതാരങ്ങളായ മായങ്ക് അഗർവാളിനും നിതീഷ് കുമാർ റെഡ്ഡിക്കും അരങ്ങേറ്റം. 2016ന് ശേഷം ആദ്യമായാണ് 23 വയസ്സിൽ താഴെയുള്ള രണ്ട് താരങ്ങൾ ഒരുമിച്ച് ഇന്ത്യക്കായി ട്വന്റി 20യിൽ അരങ്ങേറുന്നത്. ഇരുവർക്കും 22 വയസ്സാണുള്ളത്. 2016ൽ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയുമാണ് ഒരുമിച്ച് അരങ്ങേറിയിരുന്നത്.
മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മൂന്നാം ഓവർ ആയപ്പോഴേക്കും രണ്ട് ഓപണർമാരെയും തിരിച്ചയച്ചു. അർഷ്ദീപ് സിങ്ങാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. ഫോറടിച്ച് തുടങ്ങിയ ലിട്ടൻ ദാസിനെ (രണ്ട് പന്തിൽ നാല്) ആദ്യ ഓവറിലെ അഞ്ചാം പന്തിൽ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചപ്പോൾ ഒമ്പത് പന്തിൽ എട്ട് റൺസെടുത്ത പർവേസ് ഹുസൈൻ ഇമോണിന്റെ സ്റ്റമ്പിളക്കുകയായിരുന്നു. ആറോവർ പിന്നിടുമ്പോൾ രണ്ടിന് 39 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. 14 റൺസുമായി നായകൻ നജ്മുൽ ഹുസൈൻ ഷാന്റോയും 12 റൺസുമായി തൗഹീദ് ഹൃദോയിയുമാണ് ക്രീസിൽ.
ഈ വർഷം കളിച്ച 19 ട്വന്റി 20 മത്സരങ്ങളിൽ 18ഉം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഓപണറായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീം: സഞ്ജു സാംസൺ, അഭിഷേക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മായങ്ക് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.