ഐ.പി.എൽ മെഗാ താരലേലം സൗദിയിൽ? പരിഗണിക്കുന്നത് രണ്ടു നഗരങ്ങൾ

മുംബൈ: അടിമുടി മാറ്റവുമായാണ് ഐ.പി.എൽ 2025 എത്തുന്നത്. സീസണു മുന്നോടിയായി നടക്കുന്ന മെഗാ താര ലേലവും ഏവരും ഉറ്റുനോക്കുകയാണ്. 2022ലാണ് അവസാനമായി ഐ.പി.എല്ലിൽ മെഗാ താര ലേലം നടന്നത്.

ഓരോ ടീമിനും ആറുപേരെ നിലനിർത്താമെന്ന് ഐ.പി.എൽ ഗവേണിങ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളെയും രണ്ട് ആഭ്യന്തര കളിക്കാരെയും നിലനിർത്താനാകും. വിദേശതാരങ്ങൾ ഉൾപ്പെടെയാണ് അഞ്ച് അന്താരാഷ്ട്ര താരങ്ങൾ. ഇനി അറിയാനുള്ളത് മേഗാ താര ലേലം എവിടെ നടക്കും എന്നതാണ്. ദുബൈ ഉൾപ്പെടെ പല പേരുകളും പ്രചരിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സൗദി അറേബ്യ ആദ്യമായി ലേല നടപടികൾക്ക് വേദിയാകും.

റിയാദ്, ജിദ്ദ എന്നീ നഗരങ്ങളാണ് ബി.സി.സി.ഐ ലേലം നടത്താനായി പരിഗണിക്കുന്നതെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് പറയുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിൽ പങ്കാളിത്തം നേടാൻ സൗദി അറേബ്യ താൽപര്യമറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ദുബൈയും പട്ടികയിലുണ്ട്. നേരത്തെ, ലണ്ടൻ പരിഗണിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഒഴിവാക്കി. ലേലം നടക്കുന്ന സമയത്ത് ലണ്ടനിൽ കൊടും തണുപ്പായിരിക്കും. നവംബർ അവസാനം ലേലം നടക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഒക്ടോബർ 31നകം കൈമാറണമെന്ന് ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലനിർത്തുന്ന അഞ്ച് താരങ്ങളിൽ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെ പ്രതിഫലം ലഭിക്കും. നിലനിർത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നൽകണം. ആറ് താരങ്ങളെയും നിലനിർത്തുകയാണെങ്കിൽ ആ ടീമിന് ആർ.ടി.എം ഉപയോഗിക്കാനാവില്ല. ആറ് താരങ്ങളെ നിലനിർത്തിയാൽ പരമാവധി അഞ്ച്‌പേർ മാത്രമെ ക്യാപ്ഡ് താരങ്ങൾ ആകാവു.

അഞ്ച് വർഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാത്ത എല്ലാ ഇന്ത്യൻ താരങ്ങളെയും അൺക്യാപ്ഡ് പ്ലെയറായി കണക്കാക്കാനും ബി.സി.സി.ഐ തീരുമാനിച്ചു. ഇതോടെ അൺക്യാപ്ഡ് പ്ലെയറായി എം.എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സിന് നിലനിർത്താനാകും. രാജസ്ഥാൻ റോയൽസിന് സന്ദീപ് ശർമയേയും ടീമിൽ നിലനിർത്താം. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. നിലനിർത്തുന്ന താരങ്ങൾക്ക് ചെലവഴിക്കുന്നതടക്കം പരമാവധി 120 കോടി രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാവുന്ന ആകെ തുക.

Tags:    
News Summary - IPL 2025 Auction Likely To Be Hosted In Saudi Arabia: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.