പത്തിലും തോറ്റ് പത്താമത് മുംബൈ; ഹൈദരാബാദ് വിജയം മൂന്ന് റൺസിന്

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് പത്താം തോൽവി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 194 റൺസ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ടീം ആദ്യ പത്ത് ഓവറിൽ തകർത്തടിച്ചതിനുശേഷം വിക്കറ്റുകൾ വീണതോടെ ജയത്തിനരികെ പിൻവാങ്ങുകയായിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റിന് 190 റൺസാണ് നേടിയത് -മൂന്ന് റൺസ് തോൽവി.

ക്യാപ്റ്റൻ രോഹിത് ശർമ (36 പന്തിൽ 48), സഹ ഓപണർ ഇശാൻ കിഷൻ (34 പന്തിൽ 43), ടിം ഡേവിഡ് (18 പന്തിൽ 46) എന്നിവർ തിളങ്ങിയെങ്കിലും തോൽവിയോടെ മുംബൈ പത്താം സ്ഥാനത്ത് തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. 44 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തി 76 റൺസെടുത്ത രാഹുൽ ത്രിപാഠിയുടെ വെടിക്കെട്ടാണ് മികച്ച ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായത്.

ഓപണർ പ്രിയം ഗാർഗ് 26 പന്തിൽ നാല് ഫോറും രണ്ട് സിക്സുമുൾപ്പെടെ 42 റൺസടിച്ചു. 22 പന്തിൽ 38 റൺസെടുത്ത നിക്കോളാസ് പുരാനാണ് മൂന്നാമൻ. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും നിക്കോളാസിന്റെ ബാറ്റിൽനിന്ന് പിറന്നു. ടോസ് നേടിയ മുംബൈ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 18 നിൽക്കെ ഓപണർ അഭിഷേക് ശർമ (ഒമ്പത്) മടങ്ങി. ഗാർഗ്-ത്രിപാഠി കൂട്ടുകെട്ട് തകർത്തടിച്ചതോടെ മുംബൈ ബൗളർമാർ പതറി. പത്താം ഓവറിൽ ടീം സ്കോർ 96ൽ എത്തിയപ്പോൾ ഗാർഗിനെ രമൺ ദീപ് സിങ് സ്വന്തം പന്തിൽ പുറത്താക്കുകയായിരുന്നു.

ത്രിപാഠി-നിക്കോളാസ് സഖ്യത്തിന്റെ ഊഴമായി പിന്നെ. സ്കോർ 170 കടത്തി കുതിക്കവെ നിക്കോളാസ് മടങ്ങി. പിന്നാലെ ത്രിപാഠിയും രമൺദീപിന് വിക്കറ്റ് നൽകി. രണ്ട് റൺസായി എയ്ഡൻ മർകറാമിന്റെ സംഭാവന. വാഷിങ്ടൺ സുന്ദർ (ഒമ്പത്) അവസാന പന്തിൽ വീണു. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എട്ട് റൺസുമായി പുറത്താകാതെ നിന്നു. മുംബൈക്കുവേണ്ടി രമൺദീപും ഹൈദരാബാദിനായി ഉമ്രാൻ മാലിക്കും മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - IPL 2022, Mumbai Indians vs SunRisers Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.