ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫി ക്രിക്കറ്റിൽ മികച്ച സ്കോറിലേക്ക് കുതിച്ച കേരളത്തെ പിടിച്ചുകെട്ടി ഹരിയാന. രണ്ടാംദിനം വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ എട്ടിന് 285 എന്ന നിലയിലാണ് കേരളം. 27 ഓവറില്‍ 48 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റും വീഴ്ത്തിയ ഹരിയാനയുടെ പേസർ അന്‍ഷുല്‍ കംബോജിന്റെ തീ തുപ്പിയ പന്തുകളാണ് കേരളത്തിന്റെ കുതിപ്പ് തടഞ്ഞത്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്സ് പുനരാരംഭിച്ച കേരളത്തെ അൻഷുൽ എറിഞ്ഞൊതുക്കുകയായിരുന്നു. കേരളത്തിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ചന്ദ്രനെ (59) കംബോജ് പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ജലജ് സക്സേന (4), സല്മാന് നിസാര്‍ (0) എന്നിവരും കംബോജിന്റെ ഇരകളായതോടെ കേരളം അഞ്ചിന് 158 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
തുടർന്ന് ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീനുമായി ചേർന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി നടത്തിയ ചെറുത്തുനിൽപാണ് മാന്യമായ സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്. സ്കോര്‍ 232ല്‍ എത്തിയപ്പോള്‍ അസറുദ്ദീന്റെ (53) വിക്കറ്റ് വീണു. പിന്നാലെ സച്ചിനും (52) കപില്‍ ഹൂഡക്ക് ക്യാച്ച് നല്കി മടങ്ങി. തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി. വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുമ്പോള്‍ ഷോണ്‍ റോജര്‍ (37), ബേസില്‍ തമ്പി (നാല്) എന്നിവരാണ് ക്രീസില്‍.
കഴിഞ്ഞ ദിവസവും പുകയും വെളിച്ചക്കുറവും മൂലം കളി കുറച്ചുമാത്രമാണ് നടന്നത്. പോയിന്റ് നിലയിൽ ഒന്നാമതും രണ്ടാമതും നിൽക്കുന്ന ടീമുകളായതിനാൽ അതിനിർണായകമായിട്ടും രണ്ട് ദിവസത്തിനിടെ 110 ഓവർ മാത്രമാണ് എറിയാനായത്. കഴിഞ്ഞ ദിവസം സച്ചിൻ ബേബി കേരളത്തിനായി രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.