ഇൻഡോര്‍: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. രഞ്ജിയിൽ പശ്ചിമ ബംഗാളിനായി കളത്തിലിറങ്ങിയ താരം ഒന്നാം ഇന്നിങ്സിൽ 19 ഓവർ പന്തെറിഞ്ഞ് നാലു മെയ്ഡനുകള്‍ അടക്കം 54 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.
ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് താരം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ആദ്യ ദിനം വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന ഷമി രണ്ടാംദിനം കത്തിക്കയറുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽല്‍ 228 റണ്‍സിന് പുറത്തായ ബംഗാള്‍ ഷമിയുടെ ബൗളിങ് മികവിൽ എതിരാളികളെ 167 റൺസിൽ പുറത്താക്കി ഒന്നാം ഇന്നിങ്സ് ലീഡ് നേടി. കഴിഞ്ഞ വർഷം ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിനുശേഷം കാലിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു താരം ആദ്യമായാണ് മത്സര ക്രക്കറ്റിൽ കളിക്കാനിറങ്ങുന്നത്.
മധ്യപ്രദേശ് നായകന്‍ ശുഭം ശര്‍മ, വാലറ്റക്കാരായ സാരാന്‍ശ് ജെയിന്‍, കുമാര്‍ കാര്‍ത്തികേയ, കുല്‍വന്ദ് കെജ്രോളിയ എന്നിവരുടെ വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്‍റിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിനിടെ കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതാണ് താരത്തിന് തിരിച്ചടിയായത്. രഞ്ജിയിൽ കളിച്ച് ഫിറ്റ്നസ് തെളിയിക്കാനായാൽ താരത്തിന് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനായി കളിക്കാനാകും.
ഈമാസം 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ഷമിയുടെ സാന്നിധ്യം ആസ്ട്രേലിയയിലെ ഫാസ്റ്റ് ട്രാക്ക് പിച്ചിൽ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാകും. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് ബോർഡർ ഗവാസ്കർ ടൂർണമെന്‍റിനുള്ള ഇന്ത്യൻ സ്ക്വാഡിലുള്ള പേസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.