ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസം സചിൻ ടെണ്ടുൽകർ ബാറ്റുകൊണ്ടെഴുതിയ വീരചരിതം പന്തുകൊണ്ട് സ്വന്തമാക്കാമെന്ന സ്വപ്നത്തിലേക്ക് വലിയ ചുവടുമായി മകൻ അർജുൻ ടെണ്ടുൽകർ.
ഗോവക്കായി രഞ്ജി ട്രോഫിക്കിടെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് 25കാരനായ ഇടംകൈയൻ പേസർ തന്റെ 17ാം മത്സരത്തിൽ ബുധനാഴ്ച കുറിച്ചത്. ഗോവ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി മൈതാനത്ത് അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗോവ താരത്തിന്റെ വലിയ നേട്ടം. ഒമ്പത് ഓവർ മാത്രം എറിഞ്ഞ താരം 25 റൺസ് വഴങ്ങിയാണ് അഞ്ചുപേരെ മടക്കിയത്. മൂന്ന് മെയ്ഡൻ ഓവറുകളടക്കം ഉടനീളം അർജുൻ നിറഞ്ഞുനിന്ന കളിയിൽ അരുണാചൽ വീഴ്ച എളുപ്പത്തിലായി.
ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത അരുണാചൽ പ്രദേശിന് വരാനിരിക്കുന്നതിന്റെ സൂചനയായി രണ്ടാം ഓവറിൽ ഓപണർ നബാം ഹച്ചാങ്ങിനെ അർജുൻ മടക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ച ടീമിനെ വീണ്ടും പ്രതിരോധത്തിലാക്കി 12ാം ഓവറിൽ അർജുൻ എറിഞ്ഞിട്ടത് രണ്ട് വിക്കറ്റുകൾ. താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കുമ്പോഴേക്ക് 17.1 ഓവറിൽ അരുണാചൽ 36/5 എന്ന നിലയിലേക്ക് വീണിരുന്നു.
ക്യാപ്റ്റൻ നബാം ആബോ 25 പന്തിൽ 25 റൺസുമായി പുറത്താകാതെനിന്നത് മാത്രമാണ് പിന്നെയും ടീമിന് തുണയായത്. 31ാം ഓവറിൽ 84 റൺസ് പൂർത്തിയാക്കുമ്പോഴേക്ക് ടീം ഓൾ ഔട്ടായി. മോഹിത് റെഡ്കർ 3/15, കീത്ത് മാർക് പിന്റോ 2/31 എന്നിവരും ഗോവൻ ബൗളിങ്ങിൽ മികച്ചുനിന്നു. 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 32 വിക്കറ്റുമായാണ് അർജുൻ ബുധനാഴ്ച മത്സരത്തിനിറങ്ങിയിരുന്നത്. 4/49 ആയിരുന്നു നേരത്തേ മികച്ച പ്രകടനം. ഒരു സെഞ്ച്വറിയടക്കം 532 റൺസും താരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.