വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക; ഇന്ത്യൻ ജയം 11 റൺസിന്; പരമ്പരയിൽ 2-1ന് മുന്നിൽ

സെഞ്ചൂറിയൻ: മൂന്നാം ട്വന്‍റി20യിൽ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ത്യ കുറിച്ച 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസിന് 20 ഓവറിൽ 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 11 റൺസിനാണ് ഇന്ത്യയുടെ ജയം. സ്കോർ -ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റിന് 219. ദക്ഷിണാഫ്രിക്ക -20 ഓവറിൽ ഏഴു വിക്കറ്റിന് 208.

ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. അവസാന ഓവറുകളിൽ മാർകോ ജാൻസന്‍റെ വെടിക്കെട്ട് ബാറ്റിങ് ഒരുവേള ആതിഥേയർക്ക് വിജയപ്രതീക്ഷ നൽകി. 17 പന്തിൽ 54 റൺസെടുത്താണ് താരം പുറത്തായത്. ടീമിന്‍റെ ടോപ് സ്കോററും ജാൻസൻ തന്നെയാണ്. ഹെൻറിച് ക്ലാസൻ 22 പന്തിൽ നാലു സിക്സും ഒരു ഫോറുമടക്കം 41 റൺസെടുത്തു. അവസാന രണ്ടു ഓവറിൽ ജയിക്കാൻ 51 റൺസാണ് പ്രോട്ടീസിനുവേണ്ടിയിരുന്നത്.

ഹാർദിക് എറിഞ്ഞ 19ാം ഓവറിൽ മാർകോ ജാൻസൻ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 26 റൺസാണ് അടിച്ചെടുത്തത്. ഇതോടെവിജയലക്ഷ്യം ആറു പന്തിൽ 25 റൺസായി. അർഷ്ദീപ് എറിഞ്ഞ 20ാം ഓവറിൽ ജാൻസൻ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയതോടെ ദക്ഷിണാഫ്രിക്ക തോൽവി സമ്മതിക്കുകയായിരുന്നു. റയാൻ റിക്കൽടൺ (15 പന്തിൽ 20), റീസ ഹെൻഡ്രിക്സ് (13 പന്തിൽ 21), എയ്ഡൻ മാർക്രം (18 പന്തിൽ 29), ട്രിസ്റ്റൻ സ്റ്റബ്സ് (12 പന്തിൽ 12), ഡേവിഡ് മില്ലർ (18 പന്തിൽ 18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

രണ്ടു റൺസുമായി ജെറാൾഡ് കൂട്സിയും അഞ്ചു റൺസുമായി സിമെലാനെയും പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി രണ്ടും ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

തിലക് വർമയുടെ സെഞ്ച്വറിയും ഓപ്പണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ട്വന്‍റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് സെഞ്ചൂറിയനിൽ തിലക് വർമ കുറിച്ചത്. 56 പന്തിൽ 107 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. പ്രോട്ടീസ് ബൗളർമാരെ ഗ്രൗണ്ടിന്‍റെ തലങ്ങും വിലങ്ങും പായിച്ച തിലക് 32 പന്തിൽ അർധ സെഞ്ച്വറിയും അടുത്ത 19 പന്തിൽ സെഞ്ച്വറിയിലെത്തുകയും ചെയ്തു.

മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. മാർക്കോ ജാൻസൺ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ താരത്തിന്‍റെ കുറ്റി തെറിച്ചു. രണ്ടാം മത്സരത്തിലും ജാൻസന്‍റെ ആദ്യ ഓവറിൽ താരം റണ്ണൊന്നും എടുക്കാതെ ബൗൾഡാകുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി താരം വലിയ പ്രതീക്ഷ നൽകിയിരുന്നു. കലണ്ടർ വർഷം രാജ്യാന്തര ട്വന്‍റി20യിൽ അഞ്ചാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. രണ്ടാം വിക്കറ്റിൽ അഭിഷേകും തിലക് വർമയും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽ 107 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. 25 പന്തിൽ 50 റൺസെടുത്ത അഭിഷേകിനെ കേശവ് മഹാരാജിന്‍റെ പന്തിൽ ഹെൻറിച് ക്ലാസൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

പിന്നാലെ ക്രീസിലെത്തിയ നായകൻ സൂര്യകുമാർ വീണ്ടും നിരാശപ്പെടുത്തി. നാലു പന്തിൽ ഒരു റണ്ണെടുത്ത് താരം മടങ്ങി. ആൻഡിൽ സിമെലന്‍റെ പന്തിൽ മാർകോ ജാൻസന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഹാർദിക് പാണ്ഡ്യ 16 പന്തിൽ 18 റൺസെടുത്ത് കേശവിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. 13 പന്തിൽ എട്ടു റൺസെടുത്ത് റിങ്കു സിങ് സിമെലന്‍റെ പന്തിൽ ബൗൾഡായി. അരങ്ങേറ്റ മത്സരം കളിക്കുന്ന രമൺദീപ് സിങ് നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് വരവറിയിച്ചത്. ആറു പന്തിൽ 15 റൺസെടുത്ത് താരം റണ്ണൗട്ടാകുകയായിരുന്നു. ഒരു റണ്ണുമായി അക്സർ പട്ടേൽ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കക്കായി ആൻഡിൽ സിമെലൻ, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാർകോ ജാൻസൻ ഒരു വിക്കറ്റും നേടി. തുടർച്ചയായ മൂന്നാം ട്വന്‍റി20 മത്സരത്തിലും ടോസ് ഭാഗ്യം തുണച്ച ദക്ഷിണാഫ്രിക്ക, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആവേശ് ഖാന് പകരമാണ് രമൺദീപ് പ്ലെയിങ് ഇലവനിലെത്തിയത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ്.

Tags:    
News Summary - India vs South Africa T20: India Take 2-1 Lead In 4-Match Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.