മുംബൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 170 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 19.5 ഓവറിൽ 169 റൺസിന് ഓൾ ഔട്ടായി. കൂട്ടത്തകർച്ച മുന്നിൽകണ്ട കൊൽക്കത്തയെ വെങ്കടേഷ് അയ്യരുടെ അർധ സെഞ്ച്വറി പ്രകടനമാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
52 പന്തിൽ 70 റൺസെടുത്താണ് വെങ്കടേഷ് പുറത്തായത്. മൂന്നു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ബാറ്റിങ്. മനീഷ് പാണ്ഡെ 31 പന്തിൽ 42 റൺസെടുത്തു. മുംബൈക്കുവേണ്ടി നുവാൻ തുഷാരയും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതം നേടി. ഒരുഘട്ടത്തിൽ 6.1 ഓവറിൽ അഞ്ചു വിക്കറ്റിന് 57 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ഫിൽ സാൾട്ട് (മൂന്നു പന്തിൽ അഞ്ച്), സുനിൽ നരെയ്ൻ (എട്ടു പന്തിൽ എട്ട്), അംഗ്ക്രിഷ് രഘുവൻഷി (ആറു പന്തിൽ 13), നായകൻ ശ്രേയസ് അയ്യർ (നാലു പന്തിൽ ആറ്), റിങ്കു സിങ് (എട്ടു പന്തിൽ ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ആറാം വിക്കറ്റിൽ വെങ്കടേഷും മനീഷും ചേർന്ന് നേടിയ 83 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. ഇരുവരെയും കൂടാതെ രഘുവൻഷി മാത്രമാണ് ടീമിൽ രണ്ടക്കം കടന്നത്. ആന്ദ്രെ റസ്സൽ (രണ്ടു പന്തിൽ ഏഴ്), രമൺദീപ് സിങ് (നാലു പന്തിൽ രണ്ട്), മിച്ചൽ സ്റ്റാർക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. വൈഭവ് അറോറ പുറത്താകാതെ നിന്നു.
ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. പ്ലെയിങ് ഇലവനിൽ സൂപ്പർതാരം രോഹിത് ഷർമ ഇടംനേടിയില്ല. ഇംപാക്ട് പ്ലെയറായി താരം ബാറ്റിങ്ങിന് ഇറങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.