കൊൽക്കത്ത: കരൺ ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിനും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ രക്ഷിക്കാനായില്ല. അവസാന പന്തു വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഒരു റൺസിന് പൊരുതിതോറ്റ് ബംഗളൂരു.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന പന്തിൽ 21 റൺസായിരുന്നു ബംഗളൂരുവിന് ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്നു സിക്സുകൾ പറത്തി കരൺ ശർമ ടീമിന് പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ താരം പുറത്തായത് തിരിച്ചടിയായി. ഏഴു പന്തിൽ മൂന്നു സിക്സുകളടക്കം 20 റൺസാണ് താരം നേടിയത്. ഒടുവിൽ ഒരു റൺസിന് ബംഗളൂരു മത്സരം കൈവിട്ടു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ബംഗളൂരുവിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 221 റൺസിൽ അവസാനിച്ചു.
ബംഗളൂരുവിന്‍റെ സീസണിലെ ഏഴാം തോൽവിയാണിത്. സ്റ്റാർക്ക് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് കരൺ ശർമ ഗാലറിയിലെത്തിച്ചു. രണ്ടാം പന്ത് ഡോട്ട് ബാളായി. മൂന്നാം പന്തിൽ വീണ്ടും സിക്സ്. ഇതോടെ മൂന്നു പന്തിൽ ഒമ്പത് റൺസായി ലക്ഷ്യം. നാലാം പന്ത് വീണ്ടും സിക്സ്. അഞ്ചാം പന്തിൽ കരൺ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. ജയിക്കാൻ ഒരു പന്തിൽ മൂന്നു റൺസ്. ആറാം പന്തിൽ ഡബ്ളിനായി ഓടിയെങ്കിലും ഫെർഗൂസൺ റണ്ണൗട്ടായി. കൊൽക്കത്തക്ക് ഒരു റൺസ് ജയം. വിൽ ജാക്സിന്‍റെയും (32 പന്തിൽ 55) രജത് പട്ടീദാറിന്‍റെയും (23 പന്തിൽ 52) വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ബംഗളൂരുവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഇരുവരും ചേർന്ന് എട്ടു ഓവറിൽ 102 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, ഓരോവറിൽ രണ്ടുപേരെയും മടക്കി ആന്ദ്രെ റസ്സൽ കൊൽക്കത്തക്ക് ബ്രേക്ക് ത്രൂ നൽകി. ഓപ്പണർമാരായ വിരാട് കോഹ്ലിയും (ഏഴു പന്തിൽ 18) ഫാഫ് ഡുപ്ലെസിസും (ഏഴു പന്തിൽ ഏഴ്) വേഗത്തിൽ മടങ്ങി. കാമറൂൺ ഗ്രീനിനും (നാലു പന്തിൽ ആറ്) മഹിപാൽ ലോംറോറിനും (മൂന്നു പന്തിൽ നാല്) പിടിച്ചുനിൽക്കാനായില്ല. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സുയാഷ് പ്രഭുദേശായി 18 പന്തിൽ 24 റൺസെടുത്ത് പുറത്തായി. ദിനേശ് കാർത്തിക് (18 പന്തിൽ 25), ലോക്കി ഫെർഗൂസൺ (ഒരു റൺ) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
കൊൽക്കത്തക്കായി ആന്ദ്രെ റസ്സൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ, സുനിൽ നരെയ്ൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വരുൺ ചക്രവർത്തി, സ്റ്റാർക്ക് എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ നായകൻ ശ്രേയസ് അയ്യരുടെ അർധ സെഞ്ച്വറിയാണ് ടീം സ്കോർ 200 കടത്തിയത്. 36 പന്തില്‍ നിന്ന് 50 റൺസെടുത്താണ് താരം പുറത്തായത്. ഓപ്പണർ ഫിൽ സാർട്ടും തിളങ്ങി. 14 പന്തില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 48 റണ്‍സെടുത്താണ് സാള്‍ട്ട് മടങ്ങിയത്. സുനിൽ നരെയ്ൻ (15 പന്തിൽ 10), വെങ്കടേഷ് അയ്യർ (എട്ടു പന്തിൽ 16), അൻഗ്രിഷ് രഘുവംശി (നാലു പന്തിൽ മൂന്ന്), റിങ്കു സിങ് (16 പന്തിൽ 24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
20 പന്തിൽ 27 റൺസുമായി ആന്ദ്രെ റസ്സലും ഒമ്പത് പന്തിൽ 24 റൺസുമായി രമൺദീപ് സിങ്ങും പുറത്താകാതെ നിന്നു. ബംഗളൂരുവിനായി കാമറൂണ്‍ ഗ്രീനും യഷ് ദയാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.